തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎം-സിപിഐ അടി തുടരുന്നു. സിപിഐയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നു. ഒരു പ്രകോപനത്തിനും വീഴാന്‍ സിപിഐ ഇല്ല. വി ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ കാരണം അറിയില്ലെന്നും ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാന്‍ പാടില്ലാത്ത സാഹചര്യമാണ്. വി ശിവന്‍ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. വി ശിവന്‍കുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് അദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവന്‍കുട്ടിയോട് എന്ത് പറയാനാണെന്ന് അദേഹം ചോദിച്ചു.

എസ്എസ്‌കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആര്‍എസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്‌കെ ഫണ്ട് തട്ടിപ്പറിക്കാന്‍ കേന്ദ്രം ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോല്‍ വച്ച് അളക്കുന്നില്ല. എല്‍ഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യം ഉണ്ടാകണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. മന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

സിപിഐയെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്ഥാവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. എല്‍ഡിഎഫിന്റെയോ ആരുടെയോ വിജയമോ പരാജയമോ അല്ലെന്നും ആര്‍എസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല. നയങ്ങളില്‍ നിന്നും പിന്നോട്ടുപോയത് ആരെന്ന് ഞാന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും സിപിഎം പഠിക്കേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.