പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് നടത്തിയ ചര്‍ച്ചക്കിടെ എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ തള്ളിയതില്‍ രാഷ്ട്രീയ വിവാദം. പാലക്കാട് കോട്ട മൈതാനിയില്‍ സംഘടിപ്പിച്ച 'വോട്ടുകവല'യില്‍ വച്ചാണ് ഇരുനേതാക്കളും പരസ്പരം കൊമ്പുകോര്‍ത്തത്. പിന്നാലെ സിപിഎം.-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായി. ചര്‍ച്ചക്കിടെ പ്രശാന്ത് ശിവനും പി.എം. ആര്‍ഷോയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു.

വാട്ടര്‍ അതോരിറ്റിയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പ്രശാന്ത് ശിവന്‍ സംസാരിക്കുന്നത് തടസ്സപ്പെടുത്താന്‍ ആര്‍ഷോയും സിപിഎം അനുകൂലികളും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎം പാലക്കാട് നഗരസഭയില്‍ പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് ചര്‍ച്ചയ്ക്കിടെ പ്രശാന്ത് ശിവന്റെ പ്രതികരണമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. പ്രശാന്ത് ശിവന്‍ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ എഴുന്നേറ്റതോടെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതിനിടെ നേതാക്കന്‍മാര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്.

ചാണകത്തില്‍ ചവിട്ടാതിരിക്കുക എന്നത് മാത്രമല്ല ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും രാഷ്ട്രീയ പ്രവര്‍ത്തനമെന്നായിരുന്നു ആര്‍ഷോയുടെ പ്രതികരണം. ഗുണ്ടകളെ നേതാവാക്കിയാല്‍ ഇതാകും ഫലമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പ്രതികരിച്ചു. നിലവാരമില്ലാത്ത ഇത്തരം ആളുകളെ ചര്‍ച്ചയ്ക്ക് വിളിക്കരുത്. പ്രശാന്ത് ശിവനെ പോലുള്ളവരെ മാറ്റി നിര്‍ത്തണമെന്നും ഇയാളെയൊക്കെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ആക്കിയാലുള്ള അവസ്ഥ എന്താകുമെന്നും സുരേഷ് ബാബു ചോദിച്ചു.

ആര്‍ഷോയ്ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണ കുമാറും രംഗത്തെത്തി. എഐഎസ്എഫിലെ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ചയാളാണ് ആര്‍ഷോ. ആ ആര്‍ഷോയെ സിപിഐഎം ജില്ലാ സെക്രട്ടറി എത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും സാധിക്കില്ല.

ആരാണ് ഗുണ്ടകളെ സംരക്ഷിക്കുന്നത് എന്നും ആരാണ് ഇത്തരം മാഫിയകള്‍ക്ക് പിന്നിലുള്ളത് എന്നും പാലക്കാട്ടെ ജനങ്ങള്‍ക്കറിയാം. 'എടോ പ്രശാന്ത് ശിവാ' എന്ന് വിളിച്ചാല്‍ കേട്ടിട്ട് വരാന്‍ പ്രശാന്ത് മാത്രമല്ല, ബിജെപിയുടെ ഒരു നേതാക്കളും നില്‍ക്കില്ല.

ഇങ്ങോട്ട് മാന്യമായി പെരുമാറിയാല്‍ നാല് മടങ്ങ് മാന്യമായി അങ്ങോട്ടും പെരുമാറും. അപമര്യാദയായി പെരുമാറിയാല്‍ അങ്ങോട്ടും അതേ രീതിയിലായിരിക്കും പെരുമാറ്റം. എല്ലാ തെരഞ്ഞെടുപ്പു കാലത്തും സംഘര്‍ഷം ഉണ്ടാക്കുന്നവരാണ് സിപിഐഎം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആലത്തൂര്‍ ഉള്‍പ്പെടെ എന്താണ് സംഭവിച്ചത്. എതിരാളികളെ കസേര എടുത്തു വരെ അവിടെ അടിച്ചു. സിപിഐഎം നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. പാലക്കാട് നഗരസഭയില്‍ പത്ത് സീറ്റ ജയിച്ചാല്‍ സിപിഐഎം പറയുന്നത് കേള്‍ക്കാം. ഏഴില്‍ നിന്ന് എത്ര താഴോട്ട് പോകും എന്ന് നോക്കിയാല്‍ മതിയെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.