തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ് . കേരളത്തെ കേവല ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. കേരളത്തെ സമ്പൂര്‍ണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും വാഗ്ദാനം. കൂടാതെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50% ആക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ലഹരി വിരുദ്ധ പ്രചാരണം പ്രകടനപത്രികയിലുണ്ട്.തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം. തെരുവ് നായ്ക്കളെ കൂട്ടായി പാര്‍പ്പിക്കാന്‍ സങ്കേതങ്ങള്‍ ഉണ്ടാക്കും.ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങള്‍ സൃഷ്ടിക്കും.സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആയിരിക്കും നടപടിയെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ഭരണത്തില്‍ കൂടുതല്‍ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള കര്‍മ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രികയില്‍ ഉറപ്പു നല്‍കുന്നു.

എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സിപിഐ നേതാവ് സത്യന്‍ മൊകേരി, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എംഎല്‍എ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഡിസംബര്‍ 11-നുമാണ് തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണല്‍.

കഴിഞ്ഞദിവസം തദ്ദേശ തിരഞ്ഞെടുപ്പില്‍ എ ഐ പ്രചാരണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരുന്നു. എ ഐ പ്രചാരണങ്ങള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.