തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രചാരണം തുടങ്ങിയ രണ്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടി. കുറവന്‍കോണം, കരമന വാര്‍ഡുകളിലാണ് തിരിച്ചടി നേരിട്ടത്. ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി കെ.സി.സൗമ്യയെയാണ് കുറവന്‍കോണത്ത് നിന്ന് മാറ്റിയത്. അന്തിമ വോട്ടര്‍പട്ടിക പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് വോട്ടില്ലെന്ന് അറിഞ്ഞതോടെയാണ് നീക്കമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കാനിരിക്കെയാണ് പിന്മാറ്റം. പുതിയ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും എല്‍.ഡി.എഫ് വൃത്തങ്ങള്‍ അറിയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടിയാണ് എല്‍ഡിഎഫ് തിരുവനന്തപുരത്ത് നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. കെ സി സൗമ്യയെ മാറ്റേണ്ടി വന്നു. കുറവന്‍കോണം ഡിവിഷന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ആര്‍ജെഡിക്കാണ് നല്‍കിയിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട സൗമ്യ പരാതി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സൗമ്യ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു.

ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പത്രിക സമര്‍പ്പിച്ചേക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി നാളെയാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വി എം വിനുവിനും മത്സരിക്കാന്‍ കഴിയില്ല.

കരമനയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെയാണ് പ്രചാരണം തുടങ്ങി ഒരാഴ്ചക്കുശേഷം മാറ്റിയത്. കരമന രാജേഷിനെയാണ് സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ന് രാജേഷിനെ മാറ്റി പകരം നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.ലോകേഷിനെ പുതിയ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.