കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള വിജയാഘോഷങ്ങളെ എതിര്‍ത്ത് നാസര്‍ ഫൈസി കൂടത്തായി. ആഘോഷപ്രകടനങ്ങള്‍ ആഭാസകരമാകരുതെന്നും മുസ്ലിം സ്ത്രീകള്‍ പുരുഷന്മാരുമായി ഇടകലര്‍ന്നുള്ള ആഘോഷം ഒഴിവാക്കണമെന്നും നാസര്‍ ഫൈസി ഫെയ്സ്ബുക്കില്‍ കുറിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് നാസര്‍ ഫൈസിയുടെ പോസ്റ്റ്.

വിജയാഹ്‌ളാദപ്രകടനങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് അമിതമാകുന്നതും അനിയന്ത്രിതമായ സ്ത്രീ-പുരുഷ സങ്കലനവും ഗുണകരമാവില്ലെന്നാണ് നാസര്‍ ഫൈസി വ്യക്തമാക്കുന്നത്. മുസ്ലിം സ്ത്രീ പുരുഷന്മാര്‍ രാഷ്ട്രീയത്തിലും മതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ജനാധിപത്യ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രിതവും ഇസ്ലാം മതം അനുവദിക്കുന്നതുമായ ഇടപെടലുകള്‍ ആവാം. ആഭാസം പാടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

നാസര്‍ ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പ്

വലിയൊരു വിജയത്തിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ചില അമിതമായ ആഹ്ലാദപ്രകടനവും അനിയന്ത്രിതമായ സ്ത്രീ പുരുഷ സങ്കലന പ്രകടനവും ഗുണകരമാവില്ല. മുസ്ലിം സ്ത്രീപുരാഷന്മാര്‍ രാഷ്ട്രീയത്തിലായാലും മതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുതല്ലോ. സംവരണ സീറ്റിലെ വനിതാ പ്രാതിനിധ്യവും ജനാധിപത്യ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രിതവും മതം അനുവദിക്കുന്നതുമായ ഇടപെടലും ആകാവുന്നതിനപ്പുറം പ്രകടനങ്ങള്‍ ആഭാസകരമാകാതിരിക്കണം. പ്രാദേശികമായ ശ്രദ്ധയും ജാഗ്രതയും വേണം. അധിക്ഷേപങ്ങളെ അവഗണിക്കാം, മാന്യമായ തിരുത്തലുകള്‍ സ്വീകരിക്കാം.

രൂക്ഷവിമര്‍ശനമാണ് നാസര്‍ ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പിന് കമന്റായി വരുന്നത്. മുസ്ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാന്‍ ഇറക്കിയതും പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്ലാമിയാണ്. ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ് സ്ത്രീകളെ റോട്ടിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംവരണം വന്നതിനുശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല.

ഇപ്പോള്‍ 'വെല്‍ഫയര്‍' സംസ്‌കാരം മുഖ്യധാര മുസ്ലിം രാഷ്ട്രീപാര്‍ട്ടി യേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വ്യാപകമായി കണ്ടത്. കൗമാരക്കാരികളായ മുസ്ലിം പെണ്‍കുട്ടികള്‍ തുറന്ന വാഹനങ്ങളില്‍ കയറി ഡാന്‍സ് ചെയ്തു നീങ്ങുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നു. മറ്റു സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ തീരെ കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.

മുസ്ലിം ഉമ്മത്ത് കാത്തുസൂക്ഷിച്ചു പോന്ന സാംസ്‌കാരിക അച്ചടക്കം നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന സ്വതന്ത്ര വാദികളെയാണ് ഇത് സന്തോഷിപ്പിക്കുക. രാഷ്ട്രീയ അതിക്രമങ്ങള്‍ തെരുവുകളില്‍നിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും കൂടി ഇത് വഴിവെക്കും.ചെറിയ കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നതും സമൂഹം അവരോട് കാണിച്ചിരുന്ന ദയയും അനുകമ്പയും ഇല്ലാതെയാക്കും. പൂര്‍വികര്‍ കാത്തു സൂക്ഷിച്ചു പോന്ന സാംസ്‌കാരികത്തനിമ നശിപ്പിച്ചു കളഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കമന്റുകളില്‍ പറയുന്നു.

എതിര്‍പ്പുമായി സമസ്ത എപി വിഭാഗം

തിരഞ്ഞെടുപ്പ് ജയത്തില്‍ മുസ്ലിം സ്ത്രീകളെ രംഗത്തിറക്കിയതിനെതിരേ കഴിഞ്ഞ ദിവസം സമസ്ത എപി വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരവും വിമര്‍ശനമുന്നയിച്ചിരുന്നു. പെണ്‍കുട്ടികള്‍ തുറന്ന വാഹനത്തില്‍ കയറി നൃത്തംചെയ്ത് ആഘോഷിക്കുന്നത് മുസ്ലിം ഉമ്മത്തിന്റെ സാംസ്‌കാരിക അച്ചടക്കം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരുടെ താത്പര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം സിപിഎം മുഖപത്രമായ 'ദേശാഭിമാനി' പ്രസിദ്ധീകരിച്ച 'ഇദ്ദ മുഴക്കം' എന്ന കഥക്കെതിരെ വിമര്‍ശനവുമായി നാസര്‍ ഫൈസി കൂടത്തായി രംഗത്ത് വന്നിരുന്നു. ആകാവുന്നത്ര വര്‍ഗീയതയും മുസ്ലിം വിരുദ്ധതയും തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ച സിപിഎമ്മിന്റെ മുഖപത്രം ശരീഅത്തിനെതിരെ കൊഞ്ഞനം കുത്തുകയാണെന്ന് നാസര്‍ ഫൈസി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.