- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടിനെ പേടിക്കുന്ന പാര്‍ട്ടിയായി മാറിയോ സിപിഎം? ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയവര്‍; പാട്ടിനെതിരെ പരാതിയുമായി പോകുന്നത് പാരഡിയേക്കാള്‍ വലിയ കോമഡി; സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്ന് പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വൈറലായ 'പോറ്റിയെ കേറ്റിയെ, സ്വര്‍ണം ചെമ്പായി മാറ്റിയേ' എന്ന പാട്ടിനെതിരെയുള്ള സി.പി.എം പരാതിയെ രൂക്ഷമായി പരിഹസിച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. പാരഡിയെ പേടിക്കുന്ന അത്ര ദുര്‍ബലമായ പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് വിഷ്ണുനാഥ് പരിഹസിച്ചു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
ഒരു പാരഡി പാട്ടിനെതിരെ പരാതിയുമായി പോകുന്നത് പാരഡിയേക്കാള്‍ വലിയ കോമഡിയാണ്. ആ കോമഡിയിലേക്കാണ് ഇപ്പോള്‍ സി.പി.എം എത്തിയിരിക്കുന്നത്. ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുക. എന്നിട്ട് ഒരു പാട്ട് തങ്ങളെ പേടിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിനെയും തെരഞ്ഞെടുപ്പ് കമീഷനെയും സമീപിക്കുക. ഈ അവസ്ഥ അങ്ങേയറ്റം ദയനീയവും സഹതാപം അര്‍ഹിക്കുന്നതുമാണെന്നും പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ പി സി വിഷ്ണുനാഥ് അതില്‍ ഒന്ന് തന്നെയാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്നും ചൂണ്ടിക്കാട്ടി. പാട്ട് എഴുതിയ കുഞ്ഞബ്ദുള്ളയ്‌ക്കെതിരെ വരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുകയാണ്. സ്വര്‍ണക്കൊള്ളയ്ക്ക് എഴുത്തുകാരന്റെ സര്‍ഗാത്മക പ്രതിഷേധമാണ് പാട്ട്. കട്ട് ജയിലില്‍ കിടക്കുന്നവര്‍ക്കാണ് വികാരം വ്രണപ്പെടേണ്ടതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിശാഗന്ധിയില്‍ പ്രതിഷേധിക്കുക, നേരെ പോയി പാട്ടിനെതിരെ കേസ് കൊടുക്കുക. ഇത്തരം കോമഡിയാണ് ഇപ്പോള്‍ സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് പാട്ട് എഴുതിയതെന്നും മാധ്യമങ്ങളാണ് പാട്ട് എഴുതിയ വ്യക്തിയെ കണ്ടെത്തിയതെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ വൈറലായ 'പോറ്റിയെ കേറ്റിയെ, സ്വര്‍ണം ചെമ്പായി മാറ്റിയേ' എന്ന പാരഡി പാട്ടിനെതിരെയാണ് സി.പി.എം പരാതി നല്‍കുന്നത്. അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് സി.പി.എം പരാതി നല്‍കുമെന്ന് അറിയിച്ചത്.
പരാതി ഗൗരവ സ്വഭാവത്തില്‍ അന്വേഷിക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടു. ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികലമാക്കിയെന്നും പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. ഭക്തരെ അപമാനിക്കുന്ന പാട്ട് പിന്‍വലിക്കണം. പാരഡി ഗാനത്തില്‍ അയ്യപ്പന് ശരണം വിളിക്കുന്നത് അപമാനകരമാണ്. ഗാനം ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്. പാട്ട് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണം. ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ലെന്നും അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.




