- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പലസ്തീന്‍ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കി; കേരള രാഷ്ട്രീയം പറയുന്ന പാട്ട് സംസ്ഥാന സര്‍ക്കാരും വിലക്കി; ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെ'; ഐഎഫ്എഫ്‌കെ വേദിയില്‍ 'പോറ്റിയേ കേറ്റിയേ' പാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ വേദിയില്‍ 'പോറ്റിയെ കേറ്റിയെ' പാരഡി ഗാനം പാടി പുതുപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രതിഷേധം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ടു കൂട്ടരും കാണിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പലസ്തീന്‍ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കിയപ്പോള്‍ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
'ഇവിടെ ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? ഒരു പാട്ടിനെതിരെ വ്യാപകമായി കേസെടുക്കുന്നു, അത് പിന്‍വലിക്കണമെന്ന് പറയുന്നു. ആ പാട്ടുപാടാന്‍ അനുവദിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു. പലസ്തീന്‍ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കിയപ്പോള്‍ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണ്. രണ്ടുകൂട്ടരും ഒരു കാര്യമല്ലേ ചെയ്യുന്നത്? കേസെടുത്ത് ഇത് അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഇത് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പ്രശ്നമാണ്. കൊച്ചുകുട്ടി മുതല്‍ ഈ പാട്ട് പാടുന്നുണ്ട്. എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടുത്തെ ജയിലുകള്‍ പോരാതെ വരും': ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാട്ട് പാടിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, 'പോറ്റിയേ കേറ്റിയേ' എന്ന വിവാദ പാരഡി ഗാനത്തില്‍ പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് വിവരം. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രതികള്‍ക്ക് നോട്ടീസ് അയച്ചശേഷമായിരിക്കും തുടര്‍നടപടി. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. പരാതിക്കാരന്റെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും.
അതേ സമയം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് ചിത്രങ്ങള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്കിന് കേരളം വഴങ്ങി. പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശം ചലച്ചിത്ര അക്കാദമിക്ക് കൈമാറിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതാണ് വിലക്കിന് കാരണം. ഓള്‍ ദാറ്റ് ലെഫ്റ്റ്‌സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്‌ലെയിംസ്, ഈഗ്ള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് വിവരം.
നേരത്തെ എല്ലാ ചിത്രങ്ങളെയും നിശ്ചയിച്ച പ്രകാരം പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമിക്ക് നല്‍കിയിരുന്നു. പിന്നാലെ കേന്ദ്രം വിലക്കിയ ഈഗ്ള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നലെ കഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെ രാത്രിയോടെയാണ് ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും 187 ചിത്രങ്ങളില്‍ 168 എണ്ണത്തിന് മാത്രമേ അനുമതി ലഭിച്ചുള്ളൂ. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച വൈകീട്ടോടെ 19 സിനിമകളുടെ പ്രദര്‍ശനം മുടങ്ങിയത്. കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. ഐ.എഫ്.എഫ്.കെയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി നിരവധി സാംസ്‌കാരിക, സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.




