തൃശൂര്‍: കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെതിരെ തൃശൂര്‍ ഡിസിസി. നാല് പ്രാവശ്യം കൗണ്‍സിലറായ വ്യക്തിയാണ് ലാലി. അവര്‍ ആര്‍ക്കാണ് കൗണ്‍സിലറാകാന്‍ പെട്ടി കൊടുത്തതെന്ന് വ്യക്തമാക്കണമെന്ന് തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. ലാലി പറയുന്നു പാവപ്പെട്ടവരായത് കൊണ്ടാണ് മേയര്‍ ആക്കാത്തതത് എന്ന്. അപ്പോ പാവപ്പെട്ടവരായത് കൊണ്ടാണ് കൗണ്‍സിലാറാക്കി എന്ന് അവര്‍ തന്നെ പറയുകയാണ്. അതാണ് പാര്‍ട്ടി നിലപാടെന്ന് എല്ലാവര്‍ക്കും അറിയാം. വൈകാരികമായി അല്ല ഇത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടത്. അവര്‍ ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ടാജറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ലാലി ജെയിംസിനെതിരെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. മേയര്‍ സ്ഥാനാര്‍ത്ഥിക്ക് പെട്ടി കൊടുക്കണമെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയാകാനും പെട്ടി കൊടുക്കേണ്ടെയെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം, കൗണ്‍സില്‍ അഭിപ്രായം എല്ലാം മാനിച്ചാണ് നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതെന്നും ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. നിജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഇതിനിടെ മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം ലാലി ജെയിംസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.

മേയര്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് താനാണ് തീരുമാനിച്ചത്. വിപ്പ് വാങ്ങിക്കില്ലെന്ന് ലാലി ജെയിംസ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഡിസിസി അധ്യക്ഷന്‍ പറഞ്ഞു. പാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനവും, മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച്, എല്ലാ കൗണ്‍സിലര്‍മാരുടെ അഭിപ്രായം മാനിച്ചാണ് മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. ഈ തീരുമാനം സംബന്ധിച്ച് ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ കെപിസിസിയെ സമീപിക്കാം. ലാലിയുടെ പ്രസ്താവന പരിശോധിച്ച ശേഷം ഉചിതമായ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് വ്യക്തമാക്കി.

ഇതിനിടെ ലാലി ജെയിംസിന്റെ ആരോപണം മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന്‍ തള്ളി. താന്‍ 28 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില്‍ ചുമതലകള്‍ വഹിച്ചുവരുന്നയാളാണെന്നായിരുന്നു നിജി ജസ്റ്റിന്റെ പ്രതികരണം. 1999 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ലെന്നും നിജി ജസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയ്ക്ക് പോയിട്ടില്ല. നിങ്ങള്‍ക്ക് എന്റെ യാത്രാ വിവരങ്ങള്‍ അന്വേഷിക്കാം. വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാനില്ല. നല്ലൊരു ദിവസമാണിന്ന്. മുന്നോട്ടുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ല. 28 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനമാനങ്ങള്‍ വരും പോകും', നിജി ജസ്റ്റിന്‍ പറഞ്ഞു. മേയര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടും. അതില്‍ കൂടുതലും കിട്ടാന്‍ സാധ്യതയുണ്ട്. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും എന്നായിരുന്നു നിജിയുടെ പ്രതികരണം.

മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിന് പിന്നാലെയാണ് ലാലി ജെയിംസ് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴയുകയായിരുന്നെന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാര്‍ട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അര്‍ഹതപ്പെട്ട മേയര്‍ പദവി വിറ്റതെന്നും ലാലി ആരോപിച്ചിരുന്നു.