- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല; രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ബിജെപിയും എസ്ഡിപിഐയും; കൊല്ലത്തെ നയിക്കാന്‍ ആദ്യ യുഡിഎഫ് മേയര്‍; എ കെ ഹഫീസ് അധികാരമേറ്റു
കൊല്ലം: കൊല്ലം കോര്‍പ്പറേഷനില്‍ എംകെ ഹഫീസ് മേയര്‍. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് പതിനാറും വോട്ടു ലഭിച്ചു. ബിജെപി, എസ്ഡിപിഐ പാര്‍ട്ടികള്‍ വോട്ടൈടുപ്പില്‍ നിന്ന് വിട്ടുനിന്നു. എംപിമാരായ എംകെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ബിജെപിയും എസ്ഡിപിഐയും വിട്ടുനിന്നതോടെയാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വോട്ട് നല്‍കിയത്.
ഇതാദ്യമായാണ് കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫ് അധികാരത്തിലെത്തുന്നത്. നേരത്തെ തന്നെ ഐഎന്‍ടിയുസിയുടെ മുതിര്‍ന്ന നേതാവ് എംകെ ഹഫീസിനെ മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 27ഉം എല്‍ഡിഎഫ് 16 ഉം എന്‍ഡിഎ 12 ഉം എസ്ഡിപിഐ ഒരു സീറ്റിലുമാണ് വിജയിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ രംഗത്തെത്തിയിരുന്നു.
എസ് ഡി പി ഐ സംസ്ഥാന- ജില്ലാ നേതാക്കള്‍ യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥി എ കെ ഹഫീസിനെ കണ്ടാണ് പിന്തുണ അറിയിച്ചത്. ഇന്നലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അഷറഫ് മൗലവി ഇന്ന് വൈകിട്ട് എ കെ ഹഫീസിന് നല്‍കുന്ന പൗര സ്വീകരണത്തിലും പങ്കെടുക്കും.
കൊല്ലം മേയര്‍ സ്ഥാനത്തേക്ക് എ കെ ഹഫീസിന്റെ പേര് നേരത്തെ തന്നെ ധാരണയായിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തിരുന്നില്ല. ആര്‍എസ്പിയുടെ ഷൈമ, മുസ്ലിം ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഉയര്‍ന്നത്.
എന്നാല്‍ സാമുദായിക സമവാക്യം പാലിക്കപ്പെടില്ലെന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കരുമാലില്‍ ഉദയ സുകുമാരനെ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.ആദ്യ ഘട്ടത്തില്‍ കൊല്ലം മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ കോണ്‍ഗ്രസ് കൈവശം വയ്ക്കുകയും ഭരണ സമിതിയുടെ അവസാന സമയത്ത് ഇവ വീതം വയ്ക്കാമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച് ഉപാധി. അവസാന ഓരോവര്‍ഷം മറ്റ് പാര്‍ട്ടികള്‍ക്ക് കൈമാറുക എന്നതായിരുന്നു നിര്‍ദേശം.




