കണ്ണൂര്‍: കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 53 അംഗ കൗണ്‍സിലില്‍ 32 പിന്തുണയോടെയാണ് കാരായി ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ചിള്ളക്കര ഡിവിഷനില്‍ നിന്നാണ് 440 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കാരായി ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഫസല്‍ വധക്കേസില്‍ എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരന്‍. കേസില്‍ നിലവില്‍ ജാമ്യത്തിലാണ് കാരായി ചന്ദ്രശേഖരന്‍. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് 2021 നവംബര്‍ 21നാണ് ചന്ദ്രശേഖരന്‍ കണ്ണൂരില്‍ തിരിച്ചെത്തിയത്. 53 കൗണ്‍സിലര്‍മാരില്‍ 32 വോട്ടുകള്‍ നേടിയാണ് കാരായി ചന്ദ്രശേഖരന്റെ വിജയം. 52 പേരാണ് ഇന്ന് നടപടിക്രമങ്ങള്‍ക്കായി ഹാജരായത്.

2013 നവംബര്‍ എട്ടിനാണ് ഫസല്‍ വധക്കേസ് പ്രതികളായ കാരായി ചന്ദ്രശേഖരനും മറ്റൊരു പ്രതിയായ കാരായി രാജനും ജാമ്യം ലഭിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു പിന്നീട് താമസം. ഇതിനിടെ രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനുമായി. എന്നാല്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ വന്നതോടെ ഇരുവര്‍ക്കും സ്ഥാനം രാജിവെക്കേണ്ടി വന്നു. നാട്ടിലെത്തിയ ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുകയായിരുന്നു.

ബാലം വാര്‍ഡിലെ എസ്.ഡി.പി.ഐ പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബി.ജെ.പിയുടെ പ്രതിനിധി പ്രശാന്ത് ജയിലിലായതിനാല്‍ ഹാജരായിരുന്നില്ല. സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ബി.ജെ.പി അംഗമായ പ്രശാന്ത്. നഗരസഭാ അംഗമായിരുന്ന കൊങ്ങല്‍വയലിലെ പി. രാജേഷ്, സഹോദരന്‍ പി .രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രി എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. കേസില്‍ പതിനൊന്നാം പ്രതിയാണ് പ്രശാന്ത്.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഎമ്മിന്റെ യുവനേതവ് സരിന്‍ ശശി തെരഞ്ഞെടുക്കപ്പെട്ടു, 44 അംഗ കൗണ്‍സിലില്‍ 35 വോട്ട് നേടിയാണ് സരിന്‍ ശശി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും വിമതനുമായി സി വൈശാഖ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല.

അതേസമയം, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 36 അംഗങ്ങുടെ പിന്തുണയോടെ യു.ഡി.എഫിലെ പി. ഇന്ദിര മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയുടെ ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ സി.പി.എമ്മിലെ വി. സതീദേവിയാണ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. തളിപ്പറമ്പില്‍ യു.ഡി.എഫിലെ പി.കെ സുബൈറാണ് നഗരസഭാ അധ്യക്ഷന്‍. എല്‍.ഡി.എഫിലെ ടി. ബാലകൃഷ്ണന് 15 വോട്ടും ബി.ജെ.പിയിലെ പി.വി സുരേഷിന് മൂന്ന് വോട്ടും ലഭിച്ചു.

കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാനായി സി.പി.എമ്മിലെ വി. ഷിജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഷിജിത്തിന് 24 വോട്ടും യു.ഡി.എഫിലെ പി.കെ സതീശന് മൂന്ന് വോട്ടും ലഭിച്ചു. അരമണിക്കൂറിലേറെ വൈകിയെത്തിയ ബി.ജെ.പി അംഗം വി. രമിതക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. പാനൂര്‍ നഗരസഭയില്‍ മുസ്ലിം ലീഗിലെ നൗഷത്ത് ടീച്ചര്‍ കൂടത്തിലാണ് ചെയര്‍പേഴ്‌സണ്‍. നൗഷത്ത് ടീച്ചര്‍ക്ക് 23 വോട്ട് ലഭിച്ചപ്പോള്‍ സി.പി.എമ്മിലെ പി.പി ശബ്‌നത്തിന് 13 വോട്ടും ലഭിച്ചു.

കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ പി വിശ്വനാഥന്‍ തെരഞ്ഞെടുക്കപ്പെട്ടു. എടഗുനി ഡിവിഷനില്‍ നിന്നാണ് ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റും സിപിഐഎം കല്‍പ്പറ്റ് ഏരിയാ കമ്മിറ്റി അംഗവുമായി പി വിശ്വനാഥന്‍.

പാലാ നഗരസഭയില്‍ ദിയ പുള്ളക്കക്കണ്ടം ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ദിയയ്ക്ക് 14 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ ബെറ്റി ഷാജുവിനെ 12 പേര്‍ പിന്തുണച്ചു. ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണായി എം ജയസുധ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫിലെ സിന്ധു അനിലും വര്‍ക്കല ഗനരസഭയില്‍ യുഡിഎഫ് വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫിന്റെ ഗിത ഹേമചന്ദ്രനും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണായി യുഡിഎഫിലെ റീനാ സാമുവേല്‍ വിജയിച്ചു. കട്ടപ്പനയില്‍ ജോയി വെട്ടിക്കുഴി നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയില്‍ മുസ്ലിംലീഗിലെ സാബിറ ജലീലാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സാണായി കോണ്‍ഗ്രസിന്റെ ജോക്കബ് സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഈരാറ്റുപേട്ടയില്‍ മുസ്ലിം ലീഗിന്റെ വി പി നാസറാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍. പട്ടാമ്പയില്‍ യുഡിഎഫിന്റെ ടി പി ഷാജി നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. തിരുല്ലയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ എസ് ലേഖയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍. കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ഭാനുമതി രാജു ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ പി സ്മിതേഷ് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിസലെ റീത്താ പോള്‍ അങ്കമാലി നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 31 അംഗ നഗരസഭയില്‍ റീത്താ പോളിന് 16 പേരുടെ പിന്തുണയും എല്‍ഡിഎഫിലെ ഗ്രേസിക്ക് 13 പേരുടെ പിന്തുണയുമാണ് ലഭിച്ചത്. രണ്ട് എന്‍ഡിഎ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.