തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പദവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ലാലി ജെയിംസിന് ഗാന്ധിയേയും ബൈബിളിനെയും ഉദ്ധരിച്ച് മറുപടിയുമായി മേയര്‍ ഡോ നിജി ജസ്റ്റിന്‍. ലാലി ജയിംസ് ഉയര്‍ത്തിയ വിവാദങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് നിജി ജസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും നിജി വ്യക്തമാക്കി. തൃശ്ശൂര്‍ മേയര്‍ പദവി പണം വാങ്ങി വിറ്റെന്നും പണമില്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴഞ്ഞെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ലാലി ജെയിംസ് ഉന്നയിച്ചിരുന്നത്.

'വിനയം ഇല്ലാത്ത സേവനം സ്വാര്‍ത്ഥതയും അഹന്തയുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം, നിങ്ങളില്‍ ഒന്നാമന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസന്‍ ആയിരിക്കണം, തൃശ്ശൂരിലെ എല്ലാ ആളുകളുടെയും ദാസന്‍ ആയിരിക്കാനാണ് തനിക്ക് ആഗ്രഹം എന്നും' മേയര്‍ പറഞ്ഞു. മത്തായിയുടെ സുവിശേഷത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു മറുപടി.

നേരത്തെ, ലാലി ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും പ്രതികരിച്ചിരുന്നു. ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരണം. കള്ളിമുണ്ടുടുത്ത് ടിവിഎസില്‍ യാത്ര ചെയ്യുന്ന ഫോട്ടോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. തൃശൂര്‍ മേയര്‍ പദവി പണം വാങ്ങി വിറ്റെന്നും പണമില്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴഞ്ഞെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ലാലി ജെയിംസ് ഉന്നയിച്ചിരുന്നത്.

കൂടാതെ, മേയര്‍ ആക്കാന്‍ ഡിസിസി അധ്യക്ഷന്‍ പാര്‍ട്ടി ഫണ്ട് ചോദിച്ചുവെന്നും ഇന്ന് രാവിലെ ലാലി ജെയിംസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷന്‍ ഫോട്ടോയുമായി രംഗത്തുവന്നത്.'എന്താ പ്രസിഡന്റേ,യാത്ര ഇങ്ങനെയാക്കിയോ' എന്ന തലക്കെട്ടോടെയാണ് ടാജറ്റിന്റെ അടുത്ത വൃത്തങ്ങള്‍ ഫോട്ടോ പങ്കുവെച്ചത്. പാര്‍ട്ടി ഫണ്ട് ചോദിച്ചെന്ന് ആരോപണം നേരിടുന്ന തന്റെ യഥാര്‍ത്ഥ അവസ്ഥ ഇതാണ് എന്ന തരത്തിലുള്ള മറുപടിയാണ് ജോസഫ് ടാജറ്റ് ഫോട്ടോയിലൂടെ പങ്കുവെക്കുന്നത്.

അതേസമയം, തൃശൂര്‍ മേയര്‍ സ്ഥാന വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റേതാണ് നടപടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തനിക്ക് അറിവൊന്നും ലഭിച്ചിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.