- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സര്‍ക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം; ഭരണവിരുദ്ധ വികാരമില്ല; ശബരിമല ഏശിയില്ല; അമിത ആത്മവിശ്വാസം തിരിച്ചടിയായി; മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു'; തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം വിശദീകരിച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി സിപിഎം. അമിത ആത്മവിശ്വാസം പരാജയത്തിന് കാരണമായി. സംഘടനാ ദൗര്‍ബല്യവും പരാജയത്തിന് കാരണമായി. ഭരണവിരുദ്ധ വികാരമില്ല. സര്‍ക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്താന്‍ സാധിക്കും. കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും വോട്ട് തേടിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ തുടര്‍ച്ചയായി നടത്തിവന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അമിത ആത്മവിശ്വാസം, സംഘടനാ ദൗര്‍ബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോല്‍വിക്ക് കാരണമായതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍. ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവര്‍ക്ക് ലഭിച്ചില്ലെന്നും പാര്‍ട്ടി വിലയിരുത്തിയതായി ഗോവിന്ദന്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും കൂട്ടുപിടിച്ചു. ഇവരെ ഉപയോഗപ്പെടുത്തി കള്ള പ്രചാരവേല നടത്തിയെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
വോട്ടിങ് കണക്ക് നോക്കിയാല്‍ 60 നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു. 17,35,175 വോട്ടിന്റെ വര്‍ധനവ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായി. യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് കുറഞ്ഞു. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ച് പിടിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് ഒക്ടോബര്‍ 29-ലെ മന്ത്രിസഭാ തീരുമാനംവെച്ച് വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പൊതുവില്‍ എല്‍ഡിഎഫിനുണ്ടായിരുന്നു. ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് നഗരമേഖലകളിലുണ്ടായ സംഘടനാ ദൗര്‍ബല്യം ഈ തിരിച്ചടിക്ക് ഇടയാവുകയും ചെയ്തു. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തടസ്സമായി നില്‍ക്കുന്ന സ്ഥിതിയുണ്ടായി. ശബരിമലപോലുള്ള വിഷയങ്ങളില്‍ യുഡിഎഫും ബിജെപിയും ശക്തിയായ കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവര്‍ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. കണക്കുകള്‍ ഇതാണ് കാണിക്കുന്നത്. ശബരിമല ഉള്‍ക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പണക്കൊഴുപ്പിന്റെ വലിയ സ്വാധീനം യുഡിഎഫും ബിജെപിയും ഉപയോഗിച്ചു. ബിജെപിക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചിട്ടും നേരിയ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാര്‍ത്ഥത്തില്‍ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എല്‍ഡിഎഫാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
വികസന നേട്ടങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ വര്‍ഗീയ പ്രചരണത്തിലൂടെ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുമുന്നണികളും. തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി ജയിച്ച 43 ഇടങ്ങളില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്തൊട്ടാകെ ഇതേ രീതിയില്‍ പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഉണ്ടായ പരാജയം സംബന്ധിച്ച് വിശദമായ പരിശോധനയാണ് പാര്‍ട്ടി നടത്തിയത്. അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ അവസാനം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 33.6 ശതമാനം വോട്ടാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. ഇപ്പോഴത് 39.73 ശതമാനത്തിലേക്ക് ഉയര്‍ന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ 17 ലക്ഷത്തിലധികം വോട്ടുകളുടെ വര്‍ധന എല്‍ഡിഎഫിന് ഉണ്ടായിട്ടുണ്ട്. യുഡിഎഫിനും ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറയുകയാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നോക്കിയാല്‍ 60 സീറ്റുകളില്‍ എല്‍ഡിഎഫിന് കൃത്യമായ ലീഡുണ്ട്. നേരിയ വ്യത്യാസത്തിന് മണ്ഡലങ്ങളില്‍ പുറകിലായിട്ടുണ്ടെന്നും അത് പ്രാദേശിക പ്രശ്നങ്ങള്‍ മൂലമാണെന്നും എം.വി. ഗോവിന്ദന്‍ അവകാശപ്പെട്ടു.
വിശ്വാസികളെ ഉപയോഗിച്ച് വോട്ടാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ബിജെപി ഹിന്ദുത്വ വര്‍ഗീയതയിലൂന്നിയുള്ള വ്യാപകമായി കള്ളപ്രചാരവേല നടത്തുകയുണ്ടായി. ലീഗിന്റെ നേതൃത്വത്തില്‍ ജമാഅത്ത് ഇസ്ലാമിയേയും എസ്ഡിപിഐയേയും ഉപയോഗപ്പെടുത്തി അവരുടെ കാഴ്ചപ്പാടുകളെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് വേണ്ടി സൃഷ്ടിച്ചു. യുഡിഎഫിലെ ഘടകകക്ഷികള്‍ ഇതിന് എല്ലാ ഒത്താശയും നല്‍കി. എല്ലാ വര്‍ഗീയശക്തികളേയും ഒപ്പംനിര്‍ത്തി ഇടതുപക്ഷത്തെ മുഖ്യശത്രുവമായി കണക്കാക്കിയാണ് യുഡിഎഫും ബിജെപിയും പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫും ബിജെപി മത്സരിക്കുന്നിടത്ത് യുഡിഎഫ് വോട്ട് ബിജെപിക്ക് നല്‍കി. കമ്യൂണിസ്റ്റ് വിരുദ്ധതയെ ഉപയോഗപ്പെടുത്തിയാണ് പരസ്പരം വോട്ട് കൈമാറ്റം നടത്തിയത്. അതിന് ശേഷം നടന്ന പ്രസിഡന്റ് ഭാരവാഹി തിരഞ്ഞെടുപ്പ് ഘട്ടത്തിലും അത് തുടര്‍ന്നുവെന്നും എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി.




