തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. താന്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് ശരിയാണ്. അതില്‍ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.' പിണറായി പറഞ്ഞു.

സിപിഐ ചതിയന്‍ ചന്തുവാണെന്ന് വെള്ളാപ്പള്ളിയുടെ അഭിപ്രായത്തിനോട് യോജിപ്പില്ല. സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവര്‍ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് ഞാനാണോ എന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടിയാണ്. അതു പിന്നീട് തീരുമാനിക്കും.

ക്ഷുഭിതനായി മുഖ്യമന്ത്രി

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തിനു മുഖ്യമന്ത്രി ക്ഷുഭിതനായി. ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവിച്ചത് താങ്കള്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്തല്ലേ എന്നും അതേക്കുറിച്ച് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനോടു ചോദിച്ചിരുന്നോ എന്നുമുള്ള ചോദ്യം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി സംസാരിക്കാന്‍ മുതിരരുതെന്ന് മുഖ്യമന്ത്രി താക്കീത് നല്‍കി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആരുടെ കാലത്താണ് തട്ടിപ്പു നടന്നതെന്നു അതു കഴിഞ്ഞു തീരുമാനിക്കാമെന്നും ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പറ്റാതെ വരുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

''അടൂര്‍ പ്രകാശിന്റെ പേര് ഉയര്‍ന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടു പേരും അവിടെ എത്തിയത്. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ്. ഇവര്‍ക്ക് സോണിയാ ഗാന്ധിയെ കാണാന്‍ അവസരം കിട്ടാന്‍ പങ്കുവഹിച്ചത് ആരാണെന്നു മറുപടി പറയാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ഉത്തരം കിട്ടാത്തപ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലയാണുള്ളത്'' മുഖ്യമന്ത്രി വിശദീകരിച്ചു.

ആദ്യം പോറ്റിയെ കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയത്. അന്വേഷണത്തില്‍ കണ്ടെത്തിയ സ്വര്‍ണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം

അതിദാരിദ്ര്യ മുക്തരായവര്‍ എന്ന് സര്‍വേയിലൂടെ കണ്ടെത്തിയവര്‍ തിരികെ പഴയ അവസ്ഥയിലേക്ക് പോകരുത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കു വലിയ പങ്കാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വാദപ്രതിപാദങ്ങള്‍ കഴിഞ്ഞു. പുതിയ ഭരണ സമിതിയുടെ ചുമതലകള്‍ വലുതാണ്.

മറ്റ് ഭരണനിര്‍മാണ സഭകളില്‍നിന്നും വ്യത്യസ്തമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വേര്‍തിരിവില്ലെന്ന പ്രത്യേകത തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കുണ്ട്. ഭരണവുമായി ബന്ധപ്പെട്ടുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ എല്ലാവരും അംഗങ്ങളാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യം മുന്‍നിര്‍ത്തി ഒരുമിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം.

ലൈഫ് ഭവന പദ്ധതിയില്‍ 5 ലക്ഷം വീടുകള്‍ എന്ന നേട്ടം അടുത്ത മാസം പൂര്‍ത്തിയാകും. കൂടുതല്‍ ഭവന രഹിതര്‍ക്കുള്ള അടച്ചുറപ്പുള്ള സുരക്ഷിത ഭവനം നല്‍കാന്‍ അശ്രാന്ത പരിശ്രമം വേണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇതില്‍ ശ്രദ്ധിക്കണം. പാലിയേറ്റീവ് പരിചരണ നയം ആദ്യമായി പ്രഖ്യാപിച്ചത് കേരള സംസ്ഥാനമാണ്.

നിലവില്‍ സംസ്ഥാനത്ത് 1142 പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാര്‍വത്രികമായ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നതിനായി കേരള കെയര്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരുമിച്ചാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. വോളന്റിയര്‍മാരുടെ സേവനം കൂടി ഉറപ്പാക്കി പ്രവര്‍ത്തനം മികവുറ്റതാക്കും.