തൃശൂര്‍: വടക്കാഞ്ചേരിയിലെ വോട്ടുകോഴയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്രനായ ഇയു ജാഫര്‍. വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി ഒരു ഡീലും ഇല്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും താന്‍ തമാശക്ക് പറഞ്ഞതാണെന്നും ജാഫര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ശബദരേഖ തന്റേതാണെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും ഇയു ജാഫര്‍ പറഞ്ഞു.

വിജിലന്‍സ് അന്വേഷണം നടക്കട്ടെ. പണം കിട്ടിയിട്ടുണ്ട് എങ്കില്‍ അവര്‍ അന്വേഷിച്ച് തെളിയിക്കട്ടെ. സിപിഎമ്മിന്റെ ആളുകള്‍ വിളിക്കുന്നുണ്ട്. താന്‍ അവരെ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് സിപിഎമ്മിന് അറിയാമെന്ന് ജാഫര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒരു അബദ്ധം പറ്റിയതാണെന്നും എങ്ങനെയോ സംഭവിച്ചു പോയെന്നും ജാഫര്‍ വിശദീകരിച്ചു.

അതേ സമയം വടക്കാഞ്ചേരിയിലെ വോട്ടുകോഴ ശുദ്ധ അസംബന്ധമായ ആരോപണമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ പ്രതികരിച്ചിരുന്നു. വിഷയം വാര്‍ത്തകളെ വഴി തിരിച്ചുവിടാനുള്ള അഭ്യാസമെന്നും ഏതെങ്കിലും ഒരാളെ ചാക്കിട്ട് പിടിക്കാനുള്ള ഒരു അഭ്യാസവും സിപിഎം നടത്തിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന് നഷ്ടമായി എന്നത് യാഥാര്‍ഥ്യമാണ്. ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം എല്‍ഡിഎഫിനുണ്ട്. വടക്കാഞ്ചേരിയില്‍ തുല്യനിലയില്‍ വന്നെങ്കിലും ഒരാളെപ്പോലും ചാക്കിട്ട് പിടിക്കണമെന്ന സമീപനം പാര്‍ട്ടിക്കുണ്ടായിരുന്നില്ല. ബിജെപി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുടെ വോട്ട് നേടി സ്ഥാനം ലഭിച്ചാല്‍ ഉടന്‍ രാജിവെക്കണം എന്നതായിരുന്നു സിപിഐഎം സമീപനമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂറുമാറ്റത്തിന് സിപിഎം അമ്പത് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് മുസ്ലിം ലീഗ് സ്വതന്ത്രന്റെ വെളിപ്പെടുത്തല്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ കോഴ വാഗ്ദാനം ലഭിച്ചെന്ന് ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. വരവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

അനില്‍ അക്കരയുടെ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. കൂറുമാറിയ ജാഫര്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം. എവിടേക്കാണ് പോയെന്ന് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാജിവച്ചശേഷം പോയതാണെന്നാണ് ജാഫറിന്റെ ഉമ്മ പറയുന്നത്.

കൂറുമാറി വോട്ടു ചെയ്യാന്‍ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫര്‍ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയില്‍ നിന്നാണ് ജാഫര്‍ വിജയിച്ചത്.

'ലൈഫ് സെറ്റിലാക്കാന്‍ ഓപ്ഷന്‍ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫര്‍ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷന്‍ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം.നിങ്ങടെ കൂടെ നിന്നാല്‍ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയില്‍ കയറി ഇരുന്നാല്‍ മതി'' എന്ന് ജാഫര്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പിന്റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. യുഡിഎഫിനും എല്‍ഡിഎഫിനും 7 അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രന്‍ ജാഫര്‍ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എല്‍ഡിഎഫ് പിടിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജാഫര്‍ വിട്ടു തന്നതോടെ അതും എല്‍ഡിഎഫിന് കിട്ടി. പിന്നീട് ജാഫര്‍ രാജിവെക്കുകയായിരുന്നു.