കോട്ടയം: ലൈംഗിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുലും ഇരുന്നത്. രമേശ് ചെന്നിത്തല,പിജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, എംകെ രാഘവന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇരിക്കുന്ന വരിയില്‍ തന്നെയാണ് രാഹുലും ഇരുന്നത്. ഇടയ്ക്ക് സമ്മേളനത്തിനെത്തിയ ചിലര്‍ രാഹുലിനൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു.

എന്നാല്‍ പാലക്കാട് എംഎല്‍എക്ക് മുഖംനല്‍കാതെയാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മടങ്ങിയത്. രമേശ് ചെന്നിത്തലയെ കണ്ട് സംസാരിക്കാനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റെങ്കിലും മുഖംകൊടുക്കാതെ കടന്നുപോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. നിര്‍ബന്ധിത ?ഗര്‍ഭഛിദ്രമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

അതേ സമയം പിജെ കുര്യന്‍ ഒരു സ്വകാര്യ ചാനലില്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയിലുള്ള അതൃപ്തി രാഹുല്‍ നേരിട്ട് പിജെ കുര്യനെ അറിയിക്കുകയും ചെയ്തു. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ അവസരം നല്‍കണം. അങ്ങനെ നല്‍കുമ്പോഴും ചില കാര്യങ്ങള്‍ മാനദണ്ഡമാക്കണം. രാഹുലിന് പാലക്കാട്ട് സീറ്റുനല്‍കരുത് തുടങ്ങിയ കാര്യങ്ങളാണ് ചാനലിനോട് പറഞ്ഞത്. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് രാഹുല്‍ കുര്യനെ നേരിട്ട് അറിയിച്ചത്. നേരത്തേയും ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡുചെയ്തിരുന്നു.ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും മറ്റൊരു യുവതികൂടി പരാതിയുമായി എത്തുകയും ചെയ്തതോടെ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസായതോടെ ഒളിവില്‍പ്പോയ രാഹുല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് തിരിച്ചെത്തിയത്. അന്ന് കോണ്‍ഗ്രഡ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം മണ്ഡലത്തിലെത്തി വീണ്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.