തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുനര്‍ജനിയില്‍ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി ഡി സതീശനാണെന്നും അത് ഒരു പുനരധിവാസ പദ്ധതിയാണെന്നും രാഹുല്‍. വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം, എതിര്‍ക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിലന്‍സിന്റെ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. ഒരു വര്‍ഷം മുന്‍പാണ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്ത ശുപാര്‍ശ ചെയ്തത്.എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനവും സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനവും ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പുനര്‍ജനിയില്‍ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയന്‍ സര്‍ക്കാരാണോ?

അല്ല

ബിജെപി ആണോ?

അല്ല

അത് ശ്രീ വി ഡി സതീശന്‍ തന്നെയാണ്.

ഒന്നാം വിജയന്‍ സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ അതിന് പ്രതിരോധം എന്ന നിലയില്‍ പുനര്‍ജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.

ആ ആരോപണത്തിന് മറുപടിയായി

ശ്രീ വി ഡി സതീശന്‍ പറഞ്ഞത് ' ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടും'എന്നാണ്.

പുനര്‍ജനി കേവലമായ ഒരു ഭവന നിര്‍മ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇല്‍ പരം പുതിയ വീടുകളും 100 ഇല്‍ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യര്‍ക്ക് പശുവും ആടും തൊട്ട് തയ്യല്‍ മെഷീനുകള്‍ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.

ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം, എതിര്‍ക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്..

അതേ സമയം, വിഷയത്തില്‍ പ്രതികരിച്ച് മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. സിബിഐ അന്വേഷണ നീക്കത്തെ തള്ളിയും പരിഹസിച്ചുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഓലപ്പാമ്പെന്ന് കെപിസിസി പ്രസിഡന്റും ചെപ്പടിവിദ്യ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. എന്തൊക്കെ അഭ്യാസം കാണിച്ചാലും യുഡിഎഫ് വരുമെന്ന് ഇതിനൊക്കെ പുല്ലു വിലയാണൈന്നും കെ മുരളീധരന്‍ പ്രതികരിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള നേതൃ സമ്മേളനം നടക്കുമ്പോഴാണ് സര്‍ക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ മുന്‍തൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ആഗ്രഹിച്ച് കോണ്‍ഗ്രസ് അതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് വയനാട്ടില്‍ രണ്ടുദിവസത്തെ നേതൃ സമ്മേളനം ചേരുന്നത്. ആവേശപൂര്‍വ്വം നേതാക്കള്‍ സമ്മേളനത്തിന് പതാക ഉയര്‍ത്താന്‍ നില്‍ക്കേ ആണ് സിബിഐ അന്വേഷണ ശുപാര്‍ശ വാര്‍ത്ത പുറത്തുവന്നത്. ആദ്യം മംഗലാപ്പിലായ നേതാക്കള്‍ പക്ഷേ ഉടന്‍ തിരിച്ചടിച്ചു. വിഷയത്തില്‍ എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വര്‍ഷം മുന്‍പത്തെ ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.