ആലപ്പുഴ: എന്‍സ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദമായി കത്തി നില്‍ക്കുന്നതിനിടെയാണ് പ്രകാശ് ജാവദേക്കര്‍ വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കണ്ടത്. ബിജെപി നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ പ്രകാശ് ജാവദേക്കര്‍ സന്ദര്‍ശിച്ചത്.

മലപ്പുറവുമായി ബന്ധപ്പെട്ടും മുസ്ലിം ലീഗിനെതിരെയും നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമാവുകയും വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. സമൂഹിക മാധ്യമങ്ങളിലും വെള്ളാപ്പള്ളിക്കെതിരെ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതിനെതിരെ രാഷ്ട്രീയമായി ചെറുത്തുനില്‍പ്പ് തീര്‍ക്കാന്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായും വെള്ളാപ്പള്ളിയെ ബി.ജെ.പിയോട് അടുപ്പിക്കുന്നതിന്റെയും ഭാഗമായാണ് ദേശീയ നേതാവിന്റെ സന്ദര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ വാര്‍ത്ത സമ്മേളനത്തില്‍ തീവ്രവാദിയെന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശന്‍ അധിക്ഷേപിച്ചിരുന്നു. ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെതിരെയാണ് അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസം 'തീവ്രവാദി' പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി വിശദീകരണവുമായി രംഗത്തെത്തി. തീവ്രമായി സംസാരിക്കുന്നവന്‍ എന്ന അര്‍ഥത്തിലാണ് തന്റെ പരാമര്‍ശം. താന്‍ ആരെയും മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. തീവ്രവാദിയെന്ന് ഞാന്‍ ഇനിയും പറയും. അന്ന് വേറെ ചാനലുകള്‍ കുറേ ഉണ്ടായിരുന്നുവല്ലോ. അവരൊന്നും ഇങ്ങനെ സംസാരിച്ചിട്ടില്ല. തീവ്രവാദപരമായി സംസാരിച്ചവര്‍ ആരായാലും അവന്‍ തീവ്രവാദിയാണ്. മിതമായി സംസാരിച്ചവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ മിതവാദികളാണ്. ഒളിഞ്ഞും തെളിഞ്ഞും ചാനലിന് റേറ്റിങ് കൂട്ടാന്‍ ഈഴവ സമുദായത്തെ ഉപയോഗിക്കുന്നത് അസംബന്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുപ്പം തുടരുമ്പോഴും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍, വെള്ളാപ്പള്ളിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും എന്‍ഡിഎയുടെ ഘടകക്ഷിയായി നില്‍ക്കുമ്പോഴും ബിഡിജെഎസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളാപ്പള്ളി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍, അപ്പോഴും ബിജെപി നേതാക്കളുമായി വെള്ളാപ്പള്ളി സൗഹൃദം പുലര്‍ത്തിവരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെള്ളാപ്പള്ളിയെ കൂടെ കൂട്ടുന്നതിന്റെ ഭാഗമായാണോ പ്രകാശ് ജാവദേക്കറിന്റെ സന്ദര്‍ശനമെന്നാണ് ഇനി കണ്ടറിയേണ്ടത്. കൂടിക്കാഴ്ച സംബന്ധിച്ച് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.