- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ കണക്കുകള്‍ അനുകൂലമല്ല; പക്ഷേ കെ.എം. മാണിയുടെ പിന്മുറക്കാരനായി പാലായില്‍ നിന്ന് നിയമസഭയിലെത്തുക എന്നത് മകന്റെ അഭിമാന പ്രശ്നം; പാലാ വിടില്ലെന്ന് ഉറപ്പിച്ച് ജോസ് കെ. മാണി; തോല്‍വി ഭയന്ന് മണ്ഡലം വിട്ടെന്ന പഴി വേണ്ട; കടുത്തുരുത്തി ചര്‍ച്ചകള്‍ക്ക് വിരാമം; കേരളാ കോണ്‍ഗ്രസില്‍ സിറ്റിംഗ് എംഎല്‍എമാരെല്ലാം മത്സരിക്കും
പാലാ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പാലാ മണ്ഡലത്തില്‍ തന്നെ ജനവിധി തേടും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം സുരക്ഷിത മണ്ഡലമായ കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, പാലായില്‍ തന്നെ പോരാടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ള കടുത്തുരുത്തിയില്‍ ജോസ് കെ. മാണി മത്സരിക്കണമെന്ന അഭിപ്രായം അണികളില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ചെയര്‍മാന്‍ തന്നെ തോല്‍വി ഭയന്ന് മണ്ഡലം മാറുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പാലാ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കെ.എം. മാണിയുടെ പിന്മുറക്കാരനായി പാലായില്‍ നിന്ന് നിയമസഭയിലെത്തുക എന്നത് പാര്‍ട്ടിയുടെയും ജോസ് കെ. മാണിയുടെയും അഭിമാന പ്രശ്‌നമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകള്‍ ജോസ് കെ. മാണിക്ക് അത്ര ആശ്വാസകരമല്ല. പാലാ മണ്ഡലത്തിലെ 13 പഞ്ചായത്തുകളില്‍ എട്ടെണ്ണവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് അഞ്ച് പഞ്ചായത്തുകളില്‍ മാത്രമാണ് മുന്‍തൂക്കം ലഭിച്ചത്. എന്നാല്‍, ഈ ഫലങ്ങള്‍ക്കിടയിലും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറുമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തല്‍.
അണികളില്‍ ഒരു വിഭാഗത്തിന് മുന്നണി വിടണമെന്ന അഭിപ്രായമുണ്ടെങ്കിലും എല്‍ഡിഎഫിനൊപ്പം തന്നെ തുടരാനാണ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം. പാലാ ഉള്‍പ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. കഴിഞ്ഞ തവണ മാണി സി. കാപ്പനോട് നേരിട്ട പരാജയത്തിന് ഇത്തവണ മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാകും ജോസ് കെ. മാണി കളത്തിലിറങ്ങുക. മാണി സി കാപ്പനും പാലായില്‍ നിറഞ്ഞു കഴിഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) തങ്ങളുടെ സിറ്റിംഗ് എംഎല്‍എമാരെ എല്ലാവരെയും വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമസഭാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതൃത്വം സംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതോടെ, പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കരുത്തുറ്റ പോരാട്ടത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. കഴിഞ്ഞ തവണ വിജയിച്ച എംഎല്‍എമാരെല്ലാം അതത് മണ്ഡലങ്ങളില്‍ തന്നെ ജനവിധി തേടും. മണ്ഡലം മാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം ഒഴിവാക്കി.
ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും ചങ്ങനാശേരിയില്‍ ജോബ് മൈക്കിളും തന്നെയാകും മത്സരരംഗത്തുണ്ടാവുക.. റാന്നിയില്‍ പ്രമോദ് നാരായണനും മത്സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ പഠിച്ചുകൊണ്ട്, ഓരോ മണ്ഡലത്തിലും പ്രത്യേക പ്രചാരണ തന്ത്രങ്ങള്‍ മെനയാന്‍ ജോസ് കെ. മാണി നിര്‍ദ്ദേശിച്ചിട്ടുണ്ട്.




