തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സോഷ്യല്‍ മീഡിയാ ജനപ്രീതിയില്‍ വളര്‍ച്ച രേഖപ്പെടുത്തി രമേശ് ചെന്നിത്തല. ഫേസ് ബുക്കില്‍ 1.1 മില്യണ്‍ ഫോളോവേഴ്സില്‍ നിന്ന് 1.2 മില്യണ്‍ ഫോളോവേഴ്സിലേക്കാണ് ചെന്നിത്തലയുടെ ഗ്രാഫ് ഉയര്‍ന്നത്. നേരത്തേ ഉമ്മന്‍ ചാണ്ടിക്കൊപ്പം 1.1 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നു ചെന്നിത്തലയ്ക്ക്.

കേരളത്തിലെ കോണ്‍ഗ്രസില്‍ ശശി തരൂരിനൊഴികെ സീനിയര്‍ ലീഡര്‍ഷിപ്പില്‍ ആര്‍ക്കും ഇത്രയേറെ ഫോളോവേഴ്സ് ഫേസ് ബുക്കില്‍ അവകാശപ്പടാനില്ല. തരൂരിന് 1.6 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. കോണ്‍ഗ്രസില്‍ യുവനിരയില്‍ പ്രമുഖനും സോഷ്യല്‍ മീഡിയയിലെ താരവുമായ ഷാഫി പറമ്പിലാണ് 1.2 മില്യണ്‍ ഫോളോവേഴ്സിന്റെ റെക്കോര്‍ഡ് ചെന്നിത്തലയ്ക്കൊപ്പം പങ്കുവെയ്ക്കുന്നത്. കെസി വേണുഗോപാല്‍ 9.34 ലക്ഷം ഫോളോവേള്സുമായി തൊട്ടുപിന്നാലെയുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന് 4.9 ലക്ഷം ഫോളോവേഴ്സാണുള്ളത്. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 7.9 ലക്ഷം ഫോളോവേഴ്‌സുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ളത് ബിജെപി സംസ്ഥാനാധ്യക്ഷനും മുന്‍ ഐ.ടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനാണ്. 1.8 മില്യണ്‍. രണ്ടാമന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിക്ക് ഫേസ് ബുക്കില്‍ 1.7 മില്യണ്‍ ഫോളോവേഴ്സുണ്ട്. ഇതില്‍ മിക്കവരും കാലങ്ങള്‍ക്കു മുമ്പേ തന്നെ ഈ വളര്‍ച്ച കൈവരിച്ചതാണ്. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ക്രമാനുഗതമായ വളര്‍ച്ച നോക്കിയാല്‍ രമേശ് ചെന്നിത്തല ഒരു ലക്ഷം ഫോളോവേഴ്സിനെ ഫേസ് ബുക്കില്‍ അധികം നേടിയിട്ടുണ്ട് എന്നു കാണാന്‍ സാധിക്കും.