കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തുതന്നെ മത്സരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. പത്തനാപുരത്തല്ലാതെ എവിടെപ്പോകാനാണെന്ന് ചോദിച്ച ഗണേഷ്‌കുമാര്‍, മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്തനാപുരത്തുകാരെ തനിക്ക് നല്ല വിശ്വാസമാണ്. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെയോ എനിക്ക് പത്തനാപുരത്തുകാരില്ലാതെയോ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തനാപുരത്ത് തന്നെ മത്സരിക്കും. വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആര്‍ടിസിയെ നല്ല നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അഭിമാനം പത്തനാപുരത്തുകാര്‍ക്കെന്ന് മന്ത്രി പറഞ്ഞു. ഞാന്‍ അവരുടെ മന്ത്രിയാണ്, അവരുടെ എംഎല്‍എയാണ്. അവരാണ് മന്ത്രിയും എംഎല്‍എയുമാക്കിയത്. ആ ആളാണ് കെഎസ്ആര്‍ടിസിയെ നല്ല നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടുത്ത ഒരുവര്‍ഷത്തേക്ക് മുടങ്ങില്ലെന്നും മന്ത്രി അറിയിച്ചു. അതിനുവേണ്ടതെല്ലാം ചെയ്തുവെച്ചിട്ടുണ്ട്. തിരവനന്തപുരം കിഴക്കേക്കൊട്ടയില്‍ കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ ക്ലിനിക്ക് തുടങ്ങുമെന്നും ഡയാലിസിസ് സൗകര്യമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നടന്‍ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസഡറാകുമെന്നും പ്രതിഫലം പറ്റാതെയാണ് മോഹന്‍ലാല്‍ ഈ ചുമതല ഏറ്റെടുക്കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. നടനെവെച്ച് പരസ്യമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയിരിക്കും. 21 ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്. വോള്‍വോ ലക്ഷ്വറി ബസുകള്‍ ഉടന്‍ എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യ ഘട്ടത്തില്‍ ബസ് സര്‍വീസ് നടത്തുക. പാന്‍ട്രി അടക്കമുള്ള സൗകര്യങ്ങള്‍ ബസില്‍ ഉണ്ടാവും. വിമാനത്തിനേക്കാള്‍ സൗകര്യങ്ങളാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം റെക്കോഡ് തുകയായ 13.02 കോടി പിന്നിട്ടെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിത്ര നേട്ടമുണ്ടായത്. ടിക്കറ്റ് വരുമാനത്തില്‍നിന്ന് മാത്രം 12.18 കോടി കളക്ഷന്‍ ലഭിച്ചു. കടയുടെ വാടക അടക്കമുള്ള മറ്റ് വരുമാനങ്ങള്‍ കൂടി ചേര്‍ത്താല്‍ 13.02 കോടി വരുമാനമാണ് ലഭിച്ചത്. അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്ആര്‍ടിസിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.