തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിണറായി വിജയന് ഇറങ്ങിപോകാന്‍ സമയമായെന്നും ശബരിമലയില്‍ സ്വതന്ത്ര ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ശബരിമലയുടെ സ്വത്ത് സുരക്ഷിതമല്ലാതായി. അവര്‍ക്ക് നമ്മുടെ വിശ്വാസം എങ്ങനെ സംരക്ഷിക്കാന്‍ കഴിയും. എഫ്‌ഐആറില്‍ പ്രതികളെ സംരക്ഷിക്കാനുള്ള വ്യവസ്ഥയുണ്ട്. രണ്ട് മന്ത്രിമാര്‍ ജനമനസ്സുകളില്‍ കുറ്റവാളികളാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളുടെ കൂടെ നില്‍കുന്ന ചിത്രവും പുറത്തുവന്നു. ശബരിമലയുടെ അന്വേഷണം നിഷ്പക്ഷ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണം. നിഷ്പക്ഷമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ബിജെപി വന്‍ പ്രതിഷേധത്തിലേക്ക് കടക്കും. പിണറായി വിജയന്‍ സര്‍, അന്വേഷണം നിങ്ങള്‍ക്ക് നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവ് ഇടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി ജനപ്രതിനിധികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിയെയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് ബാങ്കിന്റെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ശബരിമലയില്‍ സ്വതന്ത്ര അന്വേഷണം നടത്തിയില്ലെങ്കില്‍ ബിജെപി വന്‍ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. ഉച്ചകഴിഞ്ഞ് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരത്ത് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

''പിഎഫ്‌ഐ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ വോട്ട് ബാങ്കുകളുടെ അടിസ്ഥാനിത്തിലാണ് ഇരു മുന്നണികളും പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വിഭജന രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സാധിക്കുന്നത് ബിജെപിക്ക് മാത്രമാണ്. പിണറായി വിജയന്‍ മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും നീതി എന്നതാണ് ബിജെപിയുടെ രീതി. ആരോടും പ്രീണനമില്ല. വിശ്വാസം സംരക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇറങ്ങി പോകാനുള്ള സമയമായി. ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് ബാന്ധവം കാണാന്‍ സാധിക്കും. അവിടെ രണ്ട് പേര്‍ക്കും പൂജ്യം സീറ്റാണ്. അവിടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് ഇനി വിശ്രമിക്കാന്‍ സമയമില്ല. എല്‍ഡിഎഫ് യുഡിഎഫ് കസേരക്കളി അവസാനിപ്പിക്കും'' - അമിത് ഷാ പറഞ്ഞു.

''കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ വരികയാണെങ്കില്‍ പത്മനാഭനെ വണങ്ങുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ അതിനാണ് ഇന്ന് വന്നത്. കേരളത്തില്‍ താമര വിരിയുക എളുപ്പമുള്ള കാര്യമല്ല. നമ്മുെട ലക്ഷ്യം താമര അടയാളത്തില്‍ വിജയിച്ച കേരളത്തിന്റെ മുഖ്യമന്ത്രി ഉണ്ടാകുക എന്നതാണ്. ദേശദ്രോഹികളില്‍ നിന്ന് കേരളത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. എല്‍ഡിഎഫിനോ യുഡിഎഫിനോ അത് സാധിക്കില്ല. അതിന് സാധിക്കുക മോദി നേതൃത്വം നല്‍കുന്ന ബിജെപിക്ക് മാത്രമാണ്. അഴിമതി അവസാനിക്കുമെന്ന് ഇരുകൂട്ടരും പറയും. പക്ഷേ അതില്‍ തൊടില്ല. ലോകത്ത് കമ്യൂണിസ്റ്റ് ഭരണം എല്ലായിടത്തും അവസാനിച്ചു. രാജ്യം മുഴുവന്‍ കോണ്‍ഗ്രസും അവസാനിച്ചു. ഇനി കേരളത്തിന്റെ അവസരമാണ്. ഇന്ന് തിരുവനന്തപുരത്ത് ബിജെപി മേയര്‍ എങ്കില്‍ നാളെ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയെയും നാം കാണും'' - അമിത് ഷാ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ എപ്ലസ്, എ കാറ്റഗറിയിലുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്‍ഡിഎ നേതാക്കളുമായുള്ള യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും നടക്കും.

അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഉണ്ട്. വൈകിട്ട് 6 വരെ വിമന്‍സ് കോളജ്, തൈക്കാട്, തമ്പാനൂര്‍ ഫ്‌ലൈഓവര്‍, ചൂരക്കാട്ടുപാളയം, പവര്‍ഹൗസ് റോഡ്, തകരപറമ്പ് ഫ്‌ലൈഓവര്‍, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്ഷന്‍ മാരാര്‍ജി ഭവന്‍ റോഡ്, നോര്‍ക്ക ജംക്ഷന്‍, സംഗീതകോളജ് റോഡ്, വിമന്‍സ് കോളജ്, വഴുതക്കാട്, പിഎച്ച്ക്യു, ആല്‍ത്തറ ജംക്ഷന്‍, വെള്ളയമ്പലം, ടിടിസി, ഗോള്‍ഫ് ലിങ്ക്സ്, ഉദയപാലസ് റോഡ്, തമ്പാനൂര്‍ ഫ്‌ലൈഓവര്‍, പൊന്നറ പാര്‍ക്ക്, അരിസ്റ്റോ ജംക്ഷന്‍, മോഡല്‍ സ്‌കൂള്‍ ജംക്ഷന്‍, പനവിള, ബേക്കറി ഫ്‌ലൈഓവര്‍, പഞ്ചാപുര, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍ പള്ളിമുക്ക്, പേട്ട, ചാക്ക, ഓള്‍ സെയിന്റ്‌സ്, ശംഖുമുഖം, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും വരുന്നവര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിക്കണം.