പാലക്കാട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്നുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും അയാള്‍ക്കെതിരായ നിയമ നടപടിക്ക് പാര്‍ട്ടി എതിരല്ലെന്നും വടകര എംപി പ്രതികരിച്ചു. സത്യം തെളിഞ്ഞുവരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൗഹൃദം രാഷ്ട്രീയ നടപടിയില്‍ തടസ്സമായിട്ടില്ല, പാര്‍ട്ടി പുറത്താക്കിയ ആള്‍ രാജിവയ്ക്കണമെന്ന് പറയുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വടകരയിലെ ഫ്‌ലാറ്റ് ആരോപണത്തില്‍ താനെന്തിന് മറുപടി പറയണമെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. തന്റെ പേര് ഒരു സ്റ്റേറ്റ്‌മെന്റിലും ഇല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

''നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. നീതി ലഭിക്കേണ്ടവര്‍ക്ക് ലഭിക്കട്ടെ. രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ല. ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നടപടി എടുത്തതാണ്. എല്ലാത്തിനുമുള്ള മറുപടി മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഉപദേശിക്കാന്‍ വരുന്നവര്‍ സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കണം. അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളില്‍ വേണ്ട''.- ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലുമായി തനിക്ക് വ്യക്തിബന്ധമില്ലെന്നും രാഷ്ട്രീയപരമായാണ് സൗഹൃദമുണ്ടായതെന്നും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വേളയില്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു.

പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ച് സിപിഎം നേതാവ് പി സരിന്‍ ഷാഫിക്കെതിരെ ഒളിയമ്പുമായി രംഗത്ത് വന്നിരുന്നു. രാഹുലിന് വടകരയില്‍ ഫ്ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിയാമോയെന്നും അറിയുന്ന വടകരക്കാര്‍ ഉണ്ടെങ്കില്‍ ഒന്ന് പറയണേ എന്നുമായിരുന്നു സരിന്റെ പോസ്റ്റ്. വടകര എംപി ഷാഫി പറമ്പിലിനോട് ചോദിച്ച ശേഷം പറഞ്ഞാല്‍ മതിയെന്നും സരിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

അതേസമയം മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായുള്ള എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. രാഹുലിനെ ഹാജരാക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും.

മൂന്നാം ബലാല്‍സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലുമായി സമഗ്രമായ തെളിവെടുപ്പ് നടത്താന്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശാസ്ത്രീയ സാഹചര്യ തെളിവുകള്‍ അടക്കം ശേഖരിക്കേണ്ടത് ഉണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ പരിഗണിക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കണം. ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

അതിനിടെ രാഹുലിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. അതിജീവതയെ ടെലഗ്രാമിലൂടെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. പരാതിക്കാരിയായ അതിജീവിത നാട്ടിലെത്തിയാല്‍ കാണിച്ചു തരാം എന്ന് രാഹുല്‍ ഭീഷണിപ്പെടുത്തി. അതിജീവിതയോട് വാര്‍ത്താ സമ്മേളനം നടത്താനും രാഹുല്‍ വെല്ലുവിളിച്ചു. പരമാവധി തെളിവുകള്‍ ശേഖരിച്ച് മുന്നോട്ടു പോകാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.