ന്യൂഡല്‍ഹി: കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ചാണ് ശശി തരൂരിന്റെ ലേഖനം. മോദി സര്‍ക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരെടുത്ത് പറഞ്ഞും പ്രശംസയുണ്ട്. പ്രൊജക്റ്റ് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ മാവോയിസ്റ്റ് വെല്ലുവിളി കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ ദൗത്യം വിജയിച്ചെന്നും മാവോയിസ്റ്റ് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും വരെ അത് തുടരണമെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാര്‍ക്കാരിന്റെ ആശയം മോദി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് പറയുമ്പോഴും സുരക്ഷ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് മോദി സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തിയെന്ന് തരൂര്‍ പറയുന്നു. ഇരുമ്പുമുഷ്ടിക്കൊപ്പം വികസനത്തിന്റെ സാന്ത്വന സ്പര്‍ശം കൂടി ഉണ്ടായതുകൊണ്ടാണ് മാവോയിസ്റ്റ് ഭീഷണി രാജ്യത്ത് ഇല്ലാതാക്കാന്‍ കഴിഞ്ഞതെന്നും നക്സലൈറ്റ് കലാപം പൂര്‍ണമായും ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പരാമര്‍ശിച്ച് തരൂര്‍ പറയുന്നു.

'മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാന്‍ കെല്‍പ്പുണ്ടെന്ന് ഇന്ത്യ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നു. 2013ല്‍ 126 ജില്ലകളിലായി വ്യാപിച്ചു കിടന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി. ഇത് ഇന്ത്യന്‍ ഭരണകൂടം നേടിയ നിര്‍ണായകമായ വിജയത്തെ സൂചിപ്പിക്കുന്നു. 1960കളില്‍ പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ ഉത്ഭവിച്ച നക്‌സെലൈറ്റ് കലാപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. മോദി സര്‍ക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണ്. യുപിഎ സര്‍ക്കാരിന്റെ ആശയം മോദി നടപ്പാക്കി. സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ ദൗത്യം വിജയിച്ചു. ഇത് തുടരണം. സുരക്ഷാ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തി. ആധുനിക ആയുധങ്ങള്‍ മികച്ച ആശയവിനിമയ ഉപാധികള്‍, വനയുദ്ധത്തിനും കലാപങ്ങളെ നേരിടുന്നതിനുമുള്ള പ്രത്യേക പരിശീലനം എന്നിവ നല്‍കി'- തരൂര്‍ ലേഖനത്തില്‍ പറയുന്നു.

ശ്രീലങ്കയിലെ തമിഴ് പുലികളെ പരാജയപ്പെടുത്താനും 40 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും 2009ല്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്സെ അഴിച്ചുവിട്ട വിനാശകരമായ ആക്രമണ വഴിയല്ല ഇന്ത്യ സ്വീകരിച്ചത്. പകരം കലാപത്തിന്റെ കാരണങ്ങളേയും പ്രത്യാഘാതങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞുള്ള വളരെ സൂക്ഷ്മവും സമഗ്രവുമായ തന്ത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും തരൂര്‍ ലേഖനത്തില്‍ പുകഴ്ത്തുന്നു. മാവോയിസ്റ്റ് ഭീഷണി ഇല്ലായ്മ ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട നടപടികള്‍ക്ക് 2014നു ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ആക്കം കൂട്ടി. സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള സമഗ്രവും ബഹുമുഖവുമായ ഒരു തന്ത്രം മോദി സര്‍ക്കാര്‍ നടപ്പിലാക്കി.

സുരക്ഷാ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തി. ആധുനിക ആയുധുങ്ങള്‍, മികച്ച ആശയവിനിമയ ഉപാധികള്‍, വനയുദ്ധത്തിനും കലാപങ്ങളെ നേരിടുന്നതിനുമുള്ള പ്രത്യേക പരിശീലനം എന്നിവ നല്‍കി. മുന്‍പ് എത്തിപ്പെടാന്‍ കഴിയാതിരുന്ന പ്രദേശങ്ങളില്‍ പുതിയ ഫോര്‍വേഡ് ഓപ്പറേറ്റിങ് ബേസുകള്‍ സ്ഥാപിച്ചു. ഇത് മാവോയിസ്റ്റുകളുടെ സുരക്ഷിത മേഖലകള്‍ ചുരുക്കാനും അവരുടെ നീക്കങ്ങളെ തടസപ്പെടുത്താനും സഹായിച്ചു.

സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിക്കൊപ്പം വികസനത്തിന്റെ സാന്ത്വനസ്പര്‍ശം കൂടി ഉണ്ടായതോടെയാണ് പദ്ധതി വിജയം കണ്ടത്. ദാരിദ്ര്യ നിര്‍മാര്‍ജനവും റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മൊബൈല്‍ ടവറുകളും വന്നതോടെ വാണിജ്യവും വാര്‍ത്താ വിനിമയവും മെച്ചപ്പെട്ടു. ഇത് ഗ്രാമങ്ങളെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നതില്‍ നിന്നു മാവോയിസ്റ്റുകളെ തടഞ്ഞു. മാവോയിസ്റ്റുകളുടെ സമാന്തര ഭരണകൂടത്തെ മറികടന്ന് സബ്സിഡി നിരക്കില്‍ ഭക്ഷണം പാര്‍പ്പിടം ആരോഗ്യം തുടങ്ങിയ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ട് ജനങ്ങളിലെത്തിച്ചു. അങ്ങനെ ഹൃദയങ്ങളും മനസുകളും കീഴടക്കിയാണ് സര്‍ക്കാര്‍ ഇതു സാധ്യമാക്കിയത്- തരൂര്‍ ലേഖനത്തില്‍ പറയുന്നു.

അടുത്തിടെ വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമായി പങ്കെടുത്ത തരൂര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുന്നത് പൂര്‍ണമായി അവഗണിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വം.