തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തിയ കൊട്ടാരക്കര മുന്‍ എം.എല്‍.എ ഐഷാ പോറ്റിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എ.കെ. ബാലന്‍. വിശ്വാസ വഞ്ചനയുടെ രണ്ടു മുഖങ്ങളാണ് ഒന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും ഐഷാ പോറ്റിയുമെന്നും എ.കെ. ബാലന്‍ ആരോപിച്ചു. ഐഷാ പോറ്റിയെ വര്‍ഗ വഞ്ചകി എന്നാണ് മേഴ്‌സിക്കുട്ടിയമ്മ വിമര്‍ശിച്ചത്. രാഷ്ട്രീയത്തില്‍ പുതിയ പേരാണതെന്നും ഐഷാ പോറ്റിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല മറ്റൊരു പേരില്ലെന്നും എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അണിയിച്ച ഷാള്‍ ഐഷാ പോറ്റിയുടെ കഴുത്ത് ഞെരുക്കി ശ്വാസംമുട്ടിക്കുമെന്നും ബാലന്‍ പറഞ്ഞു. അത് ഐഷാ പോറ്റി ക്ഷണിച്ചു വരുത്തിയ രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിക്കും. കുറ്റബോധം കൊണ്ട് അവര്‍ ലേഡി മാക്ബത്തിന്റെ അവസ്ഥയിലേക്ക് എത്തും.

കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ രക്തസാക്ഷി സഖാവ് തങ്ങള്‍കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ ഐഷ പോറ്റിയുടെ കൈ വിറയ്ക്കും. ശാന്തമായി ഉറങ്ങാന്‍ കഴിയില്ല. ഈ മാനസിക വിഭ്രാന്തി കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്ഥാനങ്ങള്‍ കൊണ്ട് നികത്താന്‍ കഴിയില്ല. ഐഷാ പോറ്റിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര അവബോധത്തിന്റെ അറിവ് പകരുന്നതില്‍ വരുത്തിയ വീഴ്ചയാണ്, എ.കെ. ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കോണ്‍ഗ്രസ് കഴുത്തില്‍ ഇട്ട ഷാള്‍ കൊലക്കയര്‍ ആവരുത്

ജനുവരി 15ന് മലയാള മനോരമയില്‍ ഒരു വാര്‍ത്ത വന്നു. 'സിപിഐഎമ്മിന്റെ ഇടം ഇല്ലാതാകുന്നു, അത് ദൈവനിശ്ചയം'. പരാമര്‍ശം നടത്തിയത് ഐഷാ പോറ്റി. ദൈവത്തിന്റെ പേര് പറഞ്ഞുകൊണ്ട് സിപിഐഎമ്മിനെ ശപിക്കാന്‍ ശ്രീമതി ഐഷാ പോറ്റിയെ പ്രേരിപ്പിച്ചതിന്റെ പിന്നില്‍ ഒരു കപട വിശ്വാസിയാണല്ലോ ഒളിഞ്ഞിരിക്കുന്നത്. ശബരിമല ശാസ്താവിന്റെ സ്വര്‍ണം കട്ട ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മറ്റൊരു മുഖം ഐഷ പോറ്റിയില്‍ തെളിയുകയാണ്. രണ്ടും വിശ്വാസവഞ്ചനയുടെ രണ്ടു മുഖങ്ങളാണ്. ഐഷാ പോറ്റിയെ സഖാവ് മേഴ്‌സിക്കുട്ടി വിശേഷിപ്പിച്ചത് വര്‍ഗ്ഗവഞ്ചകി എന്നാണ്. ഇതിനേക്കാളും നല്ല നാമവിശേഷണം രാഷ്ട്രീയ നിഘണ്ടുവില്‍ കാണാന്‍ കഴിയില്ല. വര്‍ഗ്ഗവഞ്ചകന്‍ പഴയ ഒരു പ്രയോഗമാണ്; കേട്ടു പരിചയപ്പെട്ടതാണ്. പക്ഷേ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗവഞ്ചകി പുതിയ പേരാണ്. ഈ പേരിന് സമാനമായി കേരള രാഷ്ട്രീയത്തില്‍ ഐഷാ പോറ്റിയെ പോലെ മറ്റൊരു പേര് കേട്ടിട്ടില്ല. ഈ നാമവിശേഷണത്തിന് ഇനി ഒരു സ്ത്രീയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകരുതെന്ന ഉപദേശം കൂടി സഖാവ് മേഴ്‌സിക്കുട്ടിയുടെ പ്രതികരണത്തില്‍ ഉണ്ട്.

കോണ്‍ഗ്രസ് അണിയിച്ച ഷാള്‍ ഐഷാ പോറ്റിയുടെ കഴുത്ത് ഞെരുക്കി ശ്വാസംമുട്ടിക്കും. അത് ഐഷാ പോറ്റി ക്ഷണിച്ചു വരുത്തിയ രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിക്കും. കുറ്റബോധം കൊണ്ട് ലേഡി മാക്ബത്തിന്റെ അവസ്ഥയിലേക്ക് എത്തും.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മൂന്നു പ്രാവശ്യം എംഎല്‍എ തുടങ്ങിയ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ അവര്‍ വഹിച്ചു. അഖിലേന്ത്യ ലോയേഴ്‌സ് യൂണിയന്‍, മഹിളാ അസോസിയേഷന്‍ തുടങ്ങിയവയുടെ തലപ്പത്ത് എത്തി. സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി മെമ്പറായി.

താങ്കള്‍ക്ക് ഇപ്പോള്‍ 67 വയസ്സ് കഴിഞ്ഞിരിക്കുകയാണ്. 20- 25 വയസ്സില്‍ താങ്കള്‍ എസ്എഫ്‌ഐയെ കേട്ടിരിക്കുമല്ലോ. കൊല്ലം എസ് എന്‍ കോളേജിലെ എസ്എഫ്‌ഐ നേതാവ് രക്തസാക്ഷി ശ്രീകുമാര്‍, മറ്റു രക്തസാക്ഷികളായ അജയ് പ്രസാദ്, ശ്രീരാജ്, സുനില്‍കുമാര്‍, കൊട്ടാരക്കരയിലെ താങ്കളുടെ വീട്ടിന്റെ അടുത്തുള്ള തങ്ങള്‍കുഞ്ഞ്, കൊച്ചുകുട്ടന്‍ എന്നീ സഖാക്കളുടെ പേര് ഓര്‍ക്കുമല്ലോ. മകന്റെ മുന്നില്‍വച്ച് നോമ്പിന്റെ ഘട്ടത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം അഷ്‌റഫിനെ ഓര്‍ക്കാതിരിക്കില്ല. സഖാവ് സുനില്‍കുമാറിന്റെ കൈവെട്ടി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കിയ ഭീകരരംഗവും ഓര്‍ക്കാതിരിക്കില്ല. കൊല്ലം ജില്ലയില്‍ മാത്രം 26 പേരാണ് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ രക്തസാക്ഷികളായതെന്ന് ഓര്‍ക്കുക. ആര്‍എസ്എസ്, കോണ്‍ഗ്രസ്, എന്‍ഡിഎഫ് എന്നിവര്‍ പ്രതികളായ ഈ സംഭവങ്ങള്‍ താങ്കളുടെ മനസ്സില്‍ നിന്നും പെട്ടെന്ന് മാഞ്ഞുപോകുമോ? ഇവരാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ എംഎല്‍എയോ ആകാന്‍ ഈ പാര്‍ട്ടിയില്‍ വന്നവരല്ല. അവരുടെ ഹൃദയരക്തം കൊണ്ട് ചുവപ്പിച്ച മണ്ണിലാണ് ഐഷാ പോറ്റി എന്ന പൊതുപ്രവര്‍ത്തക കേരള രാഷ്ട്രീയത്തില്‍ അറിയപ്പെട്ടത്. അല്ലാതെ അഡ്വക്കേറ്റ് എന്ന നിലയിലല്ല. താങ്കളുടെ മനസ്സ് കോണ്‍ഗ്രസിന് ഇണങ്ങിയതാണോ? സിപിഐഎം തന്നതിനേക്കാള്‍ വലിയ സ്ഥാനവും സാമൂഹിക അംഗീകാരവും കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ? അങ്ങനെ പ്രതീക്ഷിച്ച് മറുകണ്ടം ചാടിയവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ അറിയുമോ? തെറ്റ് തിരുത്തുന്നതില്‍ മികച്ച മാതൃക നമുക്ക് മുന്നിലുണ്ട്. ഒറ്റപ്പാലം എം പി ആയിരുന്ന എസ് ശിവരാമന്‍ ഒരു വേള കോണ്‍ഗ്രസിലേക്ക് പോയെങ്കിലും വളരെ വൈകാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തി.

താങ്കള്‍ എംഎല്‍എ ആയിരുന്ന 15 വര്‍ഷക്കാലം ഞാനും അസംബ്ലിയില്‍ ഉണ്ടായിരുന്നു; മന്ത്രിയായും എംഎല്‍എയായും. മനോഹരമായ ശബ്ദത്തോടുകൂടിയുള്ള താങ്കളുടെ പ്രസംഗങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. സാംസ്‌കാരിക മഹിമയും അന്തസ്സും കാത്തുസൂക്ഷിച്ച പെരുമാറ്റം മാതൃകാപരമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഈ അടിസ്ഥാന ഗുണങ്ങളൊക്കെ എങ്ങനെ ഇല്ലാതാക്കാന്‍ കഴിയും? പാര്‍ലമെന്ററി ജീവിതത്തില്‍ ഇനിയുള്ള സ്വപ്നം മന്ത്രിസ്ഥാനം ആണല്ലോ. അത് സാധിക്കാത്തതിന് ഇത്ര വലിയ ചതി ആവശ്യമായിരുന്നോ? താങ്കളുടെ വീട്ടിനടുത്തുള്ള കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ രക്തസാക്ഷി സഖാവ് തങ്ങള്‍കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ ഐഷ പോറ്റിയുടെ കൈ വിറയ്ക്കും. ശാന്തമായി ഉറങ്ങാന്‍ കഴിയില്ല. ഈ മാനസിക വിഭ്രാന്തി കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്ഥാനങ്ങള്‍ കൊണ്ട് നികത്താന്‍ കഴിയില്ല. ശ്രീമതി ഐഷാ പോറ്റിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര അവബോധത്തിന്റെ അറിവ് പകരുന്നതില്‍ വരുത്തിയ വീഴ്ചയാണ്.

ശ്രീമതി ഐഷാ പോറ്റിയുടെ രാഷ്ട്രീയ ആത്മഹത്യാ ദിനത്തില്‍ ഞാനൊരു മരണവീട്ടില്‍ പോയിരുന്നു - നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലിന്റെ ഉടമയും നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ ഡോ. എ പി മജീദ് ഖാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍. അവിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ ഉണ്ടായിരുന്നു. സ്വന്തം മതത്തോട് കൂറു പുലര്‍ത്തി പ്രതിബദ്ധതയോടു കൂടി നാടിനെ സ്‌നേഹിച്ച, എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ ഡോ. മജീദ്ഖാന്റെ ഓര്‍മ്മ ഇതോടൊപ്പം ചേര്‍ത്തു വായിക്കുന്നത് ഒരു കാര്യം ഓര്‍മപ്പെടുത്താനാണ്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഡോ. മജീദ് ഖാന്‍ വീട്ടുകാരോട് പറഞ്ഞു, 'എനിക്ക് മഴ പെയ്യുന്നത് കാണണം, തണുത്ത കാറ്റ് അനുഭവിക്കണം'. ആഗ്രഹിച്ചതുപോലെ മഴപെയ്തു. കണ്‍കുളിര്‍ക്കെ കണ്ടു. ചെറിയ തണുത്ത കാറ്റിന്റെ സുഖം അനുഭവിച്ച് കണ്ണടച്ചു- സംതൃപ്തിയോടെ, സന്തോഷത്തോടെ. മരിക്കുമ്പോള്‍ ഏതൊരു കമ്മ്യൂണിസ്റ്റുകാരനും നല്ലൊരു നാളെ സ്വപ്നങ്ങള്‍ കണ്ടായിരിക്കും കണ്ണടയ്ക്കുന്നത്. രക്തസാക്ഷികളുടെ മായാത്ത മുഖമായിരിക്കും, ചുവന്ന കൊടിയുടെ അലയടിയായിരിക്കും മുന്നിലുണ്ടാവുക. തനിക്കും തന്റെ പ്രസ്ഥാനത്തിനും വേണ്ടി ജീവന്‍ കൊടുത്ത രക്തസാക്ഷികളുടെ മായാത്ത ഓര്‍മ്മയായിരിക്കും. ആ ഓര്‍മ്മയില്‍ അവസാനത്തെ ശ്വാസം നിലയ്ക്കും. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'യെ ഓര്‍മയുണ്ടല്ലോ, ജീവിച്ചിരിക്കുന്ന സഖാക്കളുടെ മുഖത്താണ് ഞാന്‍ രക്തസാക്ഷികളുടെ ആത്മാക്കളെ കാണുന്നത്.

അതനുഭവിക്കാന്‍ ഐഷാ പോറ്റിക്ക് കഴിയില്ല. മോചനത്തിന്റെ പ്രത്യയശാസ്ത്രം അംഗീകരിച്ച തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിലേക്ക് -കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ വരുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് മറ്റു പാര്‍ട്ടികളിലേക്ക് പോകുന്നതും രണ്ടാണ്. ഒന്ന് മാറ്റത്തിന്റെ ശക്തിയാണ്, വിപ്ലവശക്തിയാണ്. മറ്റേത് മാറ്റത്തെ എതിര്‍ക്കുന്ന ശക്തിയാണ്, പിന്തിരിപ്പന്‍ ശക്തിയാണ്. ഈ തിരിച്ചറിവില്ലാത്തതാണ് ശ്രീമതി ഐഷാ പോറ്റിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. എല്ലാവര്‍ക്കും മരണമുണ്ടല്ലോ. മരിക്കുമ്പോള്‍ കുറ്റബോധം കൊണ്ട് കണ്ണടയാതിരിക്കരുത്.