കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്ന സാബു എം. ജേക്കബിന്റെ തീരുമാനം ഞെട്ടിച്ചെന്ന് വടവുകോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്. ട്വന്റി ട്വന്റിയെ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറ്റിയെന്നും വരും ദിവസങ്ങളില്‍ കൂട്ടരാജി ഉണ്ടാകുമെന്നും റസീന പരീത് പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് പോലും എന്‍ഡിഎ പ്രവേശനത്തെക്കുറിച്ച് അറിയില്ല. വാര്‍ത്ത വരുമ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ചര്‍ച്ച നടത്തിയിരുന്നില്ലെന്നും റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു.

ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ട്വന്റി ട്വന്റി ലയിക്കണമെന്ന് തോന്നിയാല്‍ പിരിച്ചുവിടുമെന്നാണ് ആദ്യ കാലത്തില്‍ പറഞ്ഞിരുന്നത്. ആ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് റസീന പരീത് പറഞ്ഞു. ട്വന്റി-ട്വന്റി അരാഷ്ട്രിയ സംഘടനയാണെന്ന് കാലം കാണിച്ചു തന്നു. ഈ തിരുമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് പറഞ്ഞു. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് വടവുകോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുന്‍ അംഗം ജില്‍ മാവേലി, മഴുവന്നൂര്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവര്‍ പാര്‍ട്ടി വിട്ടു. മൂന്നു പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ജാതിയും മതവും തെളിയിക്കുന്ന സര്‍വ്വേ ട്വന്റി ട്വന്റി നടത്തി. ഇതുപോലും സംശയം ഉണ്ടാക്കുന്നു. സര്‍വേ നടത്തിയത് ബി ജെ പി പറഞ്ഞതായിരിക്കാമെന്ന് റസീന പരീത് ആരോപിച്ചു. എന്‍ഡിഎ പ്രവേശന തീരുമാനം ട്വന്റി ട്വന്റിയുടെ അന്ത്യം കുറിയ്ക്കുമെന്ന് വി.പി സജീന്ദ്രന്‍ പറഞ്ഞു. ബിസിനസിന്റെ നിലനില്‍പ്പിന് വേണ്ടി ചെയ്തത്. സാബു ജേക്കബ് സീറോ ആയി മാറും. കാലിന്റെ അടിയിലെ മണ്ണ് പോകുന്നത് കുന്നത്തുനാട്ടില്‍ കാണാമെന്നും അദേഹം പറഞ്ഞു.

എന്‍ഡിഎയുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ട്വന്റി20 യില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുകയാണ്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നാസര്‍ പിഎം താന്‍ ട്വന്റി20 വിടുന്നതായി പ്രഖ്യാപിച്ചത്. 'ഞാന്‍ ട്വന്റി20 യില്‍ നിന്നും രാജിവച്ചു. ഇനി മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം' വെങ്ങോല ഡിവിഷനില്‍ നിന്നുള്ള ട്വന്റി20യുടെ ജില്ലാ പഞ്ചായത്ത് അംഗമായ നാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കഴിഞ്ഞ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക മുന്നണി പ്രവേശനവും നടന്നു. സാബു എം ജേക്കബ് പറഞ്ഞത്, കേരളത്തിന്റെ വികസന ദര്‍ശനത്തിലും 'വികസിത കേരള' എന്ന ആശയത്തിലും ആകൃഷ്ടനായാണ് എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയതെന്നാണ് മുന്നണി പ്രവേശനത്തിനുള്ള കാരണമായി സാബു എം ജേക്കബ് വ്യക്തമാക്കിയത്. സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ കുന്നത്തുനാട്, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ട്വന്റി20, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. ചിലയിടങ്ങളില്‍ ബിജെപിയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താനും സാധിച്ചു. കുന്നത്തുനാട്ടില്‍ ശക്തമായ മത്സരം കാഴ്ചവെച്ച പാര്‍ട്ടി 41890 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തി. എന്‍ഡിഎയുമായുള്ള സഖ്യം ഈ മേഖലകളില്‍ ബിജെപിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയാണ് ട്വന്റി20ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.