കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിക്ക് സി.പി.എം ഒരുങ്ങുമ്പോള്‍, പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളില്‍ ഒരടിപോലും പിന്നോട്ടില്ലെന്ന കടുത്ത നിലപാടുമായി നേതാവ് രംഗത്തെത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. എം.എല്‍.എ ടി.ഐ. മധുസൂദനനെ പ്രതിക്കൂട്ടിലാക്കുന്ന കൃത്യമായ കണക്കുകളും തെളിവുകളും നിരത്തിയാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കുള്ളിലെ പോരാട്ടം പരസ്യമാക്കിയത്. തെറ്റുതിരുത്തിയില്ലെങ്കില്‍ ബംഗാളിലെ ദയനീയ പതനം കേരളത്തിലും ആവര്‍ത്തിക്കുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കേണ്ടെന്നും മരണം വരെ കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പ്രഖ്യാപിച്ചതോടെ കുഞ്ഞികൃഷ്ണനെ രാഷ്ട്രീയമായി നേരിടുക എന്നത് സി.പി.എമ്മിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. പാര്‍ട്ടിക്ക് പുറത്തായാലും അണികള്‍ക്കിടയില്‍ തന്റെ നിലപാടുകള്‍ക്ക് വലിയ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. സി.കെ.പി. പത്മനാഭനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ കുടുക്കിയതാണെന്ന വെളിപ്പെടുത്തല്‍ കൂടി വന്നതോടെ, പാര്‍ട്ടിയിലെ ഒരു വിഭാഗം അസംതൃപ്തര്‍ കുഞ്ഞികൃഷ്ണന് പിന്നില്‍ അണിനിരക്കുമോ എന്ന ഭയത്തിലാണ് കണ്ണൂരിലെ സി.പി.എം നേതൃത്വം. നടപടി ഉറപ്പായിട്ടും കുഞ്ഞികൃഷ്ണന്‍ നിലപാട് കടുപ്പിക്കുന്നത് വരും ദിവസങ്ങളില്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം.

വിദേശയാത്രയില്‍ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ഭൂവുടമകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് നല്‍കിയത്. താന്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും സ്വകാര്യമായി തന്നോട് പറഞ്ഞിരുന്നു. തളിപ്പറമ്പ് മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ സികെപി പത്മനാഭനെ കുടുക്കിയതാണെന്നും കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിലേക്ക് പോയി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം തെറ്റാണെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരനെന്ന രീതിയില്‍ തുടരും. അതിന് പാര്‍ട്ടി മെമ്പര്‍ഷിപ്പൊന്നും വേണമെന്നില്ല. മറ്റൊരു രാഷ്ട്രീയത്തിലേക്കും താന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്, തന്നെ സമീപിക്കാന്‍ ശ്രമിക്കുന്ന മറ്റ് പാര്‍ട്ടിക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ളൊരു സന്ദേശം കൂടിയാണ്. ഒരാളും വരേണ്ട എന്ന് തന്നെയാണ് അതിന്റെ മലയാളം. കമ്യൂണിസ്റ്റ് ആശയത്തില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിതാവസാനം വരെ മുന്നോട്ടു പോകണം എന്ന ഉറച്ച നിലപാടിലാണ് നില്‍ക്കുന്നത്. ഈ പാര്‍ട്ടി നിലനില്‍ക്കണം, വളരണം എന്ന ആഗ്രഹം കൊണ്ടാണ് പാര്‍ട്ടിക്ക് അകത്ത് പോരാട്ടം നടത്തി നടക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ തിരുത്തിക്കാന്‍ അണികളോട് അഭ്യര്‍ഥിക്കുന്നത്. അല്ലാതെ വേറൊന്നും ഇതിലില്ല, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ബംഗാളില്‍ പാര്‍ട്ടിക്ക് ദയനീയമായ തകര്‍ച്ചയാണുണ്ടായത്. അത് കേരളത്തിലുണ്ടാകാന്‍ പാടില്ല എന്നാണ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ, ഒരു അസംതൃപ്ത വിഭാഗം കേരളത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നിലനില്‍ക്കുന്നുണ്ട്. അത് വളര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. അതൊരു പൊട്ടിത്തെറിയുടെ വക്കില്‍ എപ്പോള്‍ എത്തുമെന്ന് പറയാന്‍ കഴിയില്ല. അതൊരു പൊട്ടിത്തെറിയുടെ ഘട്ടത്തിലെത്തിയതാണ് ബംഗാളിലെ തകര്‍ച്ചയ്ക്ക് കാരണം. കേരളത്തിലും അതൊരു പൊട്ടിത്തെറിയുടെ ഘട്ടത്തിലെത്തിയാല്‍ കേരളത്തിലെ പാര്‍ട്ടിയും തകരും. ഈ കേരളം നേടിയ നേട്ടങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി പ്രവര്‍ത്തിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഇനിയും കേരളത്തെ മുന്നോട്ടു നയിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കേ സാധിക്കൂ. തെറ്റുതിരുത്തിയാലേ നിലനിന്നു പോകാന്‍ സാധിക്കൂ, വളരാന്‍ സാധിക്കൂ, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

താന്‍ പറയുന്നതാണ് ശരിയെന്ന് പറയുന്നവര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലും താഴെയുമുണ്ട്. പക്ഷേ നേതൃത്വത്തിള്ളുവര്‍ക്ക് ഇപ്പോള്‍ അത് പരസ്യമായി പറയാന്‍ കഴിയില്ല. കാരണം അവര്‍ക്ക് പാര്‍ട്ടി പറയുന്നതേ അവര്‍ക്ക് കീഴെ പറയാന്‍ സാധിക്കൂവെന്നും കുഞ്ഞികൃഷണന്‍ പറഞ്ഞു.