കൊച്ചി: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിന് താഴെ വധഭീഷണി മുഴക്കിയുള്ള കമന്റിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. നിനക്കൊക്കെ ഇന്നോവ പോരാതെ വരുമെന്നായിരുന്നു ഭീഷണി. ഉണ്ണി സി കെ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് കമന്റ്. ഇയാളുടെ ഫോട്ടോയും കമന്റുമുള്‍പ്പെടെ പോസ്റ്റ് ചെയ്ത് അബിന്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു.

ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിട്ട ഇന്നോവയാണ് ഉദ്ദേശിച്ചതെങ്കില്‍, അതിന് ഉണ്ണി മോന്‍ ഇച്ചിരി കൂടെ മൂക്കാനുണ്ട് എന്നാണ് അബിന്‍ വര്‍ക്കി പറഞ്ഞത്. സിപിഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയയ്ക്കുക എന്നതാണ് അവരുടെ ഭീഷണിയെന്നും പയ്യന്നൂരില്‍ പ്രകടനം നടത്തിയാല്‍ ഉടനെ അവരെ കൈകാര്യം ചെയ്യുക, ആരോപണം ഉന്നയിച്ചാല്‍ ഉടനെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുക തുടങ്ങിയവയാണ് സിപിഎമ്മിന്റെ രീതികളെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

അബിന്‍ വര്‍ക്കിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

'കഴിഞ്ഞ ദിവസം എന്റെ ഒരു പോസ്റ്റിന് അടിയില്‍ വന്ന കമന്റാണ്. സിപിഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയക്കുക എന്നതാണ് അവരുടെ ഭീഷണി. പയ്യന്നൂരില്‍ പ്രകടനം നടത്തിയാല്‍ ഉടനെ അവരെ കൈകാര്യം ചെയ്യുക. ആരോപണം ഉന്നയിച്ചാല്‍ ഉടനെ വീടിന് മുന്‍പില്‍ പടക്കം പൊട്ടിക്കുക. ഇതൊക്കെയാണ് സിപിഎം രീതികള്‍.

പിന്നെ ഈ കമന്റ് ഇട്ട ചേട്ടനോട് ആണ്.

ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിട്ട ഇന്നോവയാണ് ഉദേശിച്ചത് എങ്കില്‍

'അതിന് ഉണ്ണി മോന്‍ ഇച്ചിരി കൂടെ ഒന്ന് മൂക്കാന്‍ ഉണ്ട്. ആദ്യം മഞ്ഞപ്പ് ഒക്കെ മാറട്ടെ ഡാ കൊച്ചനെ '