തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ ഗവര്‍ണര്‍ - സ്പീക്കര്‍ പോര് മുറുകുന്നു. കത്തിന് മറുപടി നല്‍കില്ലെന്ന് പറഞ്ഞുള്ള സ്പീക്കറുടെ വാര്‍ത്താസമ്മേളനം മര്യാദാ ലംഘനമാണെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സിന് യോജിക്കാത്തതെന്നും ലോക്ഭവന്‍ വിമര്‍ശിച്ചു. സ്പീക്കറെ രൂക്ഷമായി വിമര്‍ശിച്ചാണ് ലോക്ഭവന്‍ വാര്‍ത്താകുറിപ്പ്. പ്രസംഗങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുവെന്ന സ്പീക്കറുടെ ആരോപണം ലോക്ഭവന്‍ തള്ളി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെയും അതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ആവശ്യപ്പെട്ടായിരുന്നു ലോക്ഭവന്റെ കത്ത്.

നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിനു മറുപടി നല്‍കില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതികരിച്ചതാണ് ലോക്ഭവനെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ക്കു നല്‍കിയ ശേഷമാണ് കത്തിന്റെ കോപ്പി തനിക്കു നല്‍കിയതെന്നും അതുകൊണ്ടു മറുപടി നല്‍കില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്പീക്കറുടെ ആരോപണങ്ങള്‍ തള്ളി ഗവര്‍ണര്‍ രംഗത്തെത്തുകയായിരുന്നു. ലോക്ഭവന്‍ അയച്ച കത്തിനു മറുപടി നല്‍കില്ലെന്ന സ്പീക്കറുടെ നിലപാട് ഭരണഘടനാപരമായ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കുറ്റപ്പെടുത്തി.

സ്പീക്കര്‍ക്ക് നല്‍കിയത് ലോക്ഭവന്റെ ഔദ്യോഗിക കത്ത് തന്നെയാണ്. ഭരണഘടനാ സ്ഥാപനത്തിന്റെ തലവന്‍ അയച്ച കത്തിന് സ്പീക്കര്‍ പ്രതികരിച്ച രീതി ഒട്ടും ശരിയായതല്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. അത്തരമൊരു കത്തിന് വാര്‍ത്താസമ്മേളനം വിളിച്ചു സ്പീക്കര്‍ പ്രതികരിച്ചത് ചട്ടം അനുവദിക്കുന്നതല്ല. നിയമസഭയുമായുള്ള എല്ലാ ആശയവിനിമയത്തിലും ഗവര്‍ണര്‍ ഭരണഘടനാപരവമായ മര്യാദകള്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം മൂല്യങ്ങളെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങള്‍ ലംഘിക്കുന്നത് സാമാന്യമര്യാദയുടെ ലംഘനമാണെന്നും ലോക്ഭവന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ സഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം തിരുത്തി പിന്നീട് മുഖ്യമന്ത്രി പ്രസംഗിച്ചതാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അതേപടി വായിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും ഒഴിവാക്കലുകളും കൂട്ടിചേര്‍ക്കലുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ വായിക്കുകയും ചെയ്തു.തുടര്‍ന്ന് മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാകും സഭാരേഖകളില്‍ ഉണ്ടാകുക എന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് തന്റെ പ്രസംഗത്തിന്റെയും അതിനുശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ കത്ത് ഔദ്യോഗികമായി ലഭിക്കുന്നതിന് മുന്‍പേ മാധ്യമങ്ങളില്‍ വന്നുവെന്നും, അതിനാല്‍ മറുപടി നല്‍കേണ്ടതില്ലെന്നുമാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.