- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൂച്ചയെ പോലും പ്രസവിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ്'! കൃത്യമായി അലവന്‍സുകള്‍ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നു; വി ഡി സതീശന്റെ ബജറ്റ് വിമര്‍ശനത്തിന് മറുപടിയുമായി വി ശിവന്‍കുട്ടി; നേമത്ത് മത്സരിക്കാന്‍ വെല്ലുവിളി

തിരുവനന്തപുരം: ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൂച്ചയെ പോലും പ്രസവിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പരിഹാസം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവന്‍സുകള്‍ ഇതേ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
ഖജനാവ് അത്രയ്ക്ക് ശൂന്യമാണെങ്കില്‍ താങ്കള്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലെ തന്നെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷനും മറ്റ് ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖജനാവ് കാലിയാണെന്ന് പറയുന്നവര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു. ബജറ്റിലുളളത് വെറും വാക്കുകളല്ല, മറിച്ച് നാടിന്റെ പുരോഗതിയ്ക്കുളള കൃത്യമായ റോഡ് മാപ്പാണ്, അത് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ക്രിയാത്മകമായ വിമര്‍ശനങ്ങളാകാം എന്നാല്‍ സ്വന്തം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അതേ ഖജനാവിനെ തളളിപ്പറഞ്ഞുകൊണ്ടാകരുതെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഞങ്ങള്‍ തന്നെ നടപ്പാക്കുമെന്ന് പറഞ്ഞ ശിവന്‍കുട്ടി, യുഡിഎഫിന്റെ കാലത്ത് എത്ര തവണയാണ് ട്രഷറി പൂട്ടിയതെന്നും ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസില്‍ നാല് പേര് ട്രെയിനിംഗ് നടത്തുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു. ഇന്ന് കെ സുധാകരനും ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ രംഗത്തെത്തി. ഓരോ ദിവസം കഴിയുമ്പോഴും പ്രതിപക്ഷ നേതാവിന്റെ പ്രതിച്ഛായ ഇടിയുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. സംഘിക്കുട്ടി എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞത്. ചരിത്രം നോക്കിയാല്‍ അറിയാം ആരാണ് സംഘിയെന്ന്. ആര്‍എസ്എസിനെതിരെ പൊരുതി തന്നെയാണ് താന്‍ മുന്നോട്ട് വന്നത്. സതീശന്‍ അങ്ങനെയാണോ എന്നും ശിവന്‍കുട്ടി ചോദിച്ചു.
പ്രതിപക്ഷ നേതാവിന് നേമത്ത് മത്സരിക്കാമോ എന്നും വി ശിവന്‍കുട്ടി വെല്ലുവിളിച്ചു. ഞാന്‍ എന്ത് പരാമര്‍ശമാണ് നടത്തിയത്. പോറ്റിയും ഗോവര്‍ധനും എല്ലാം സോണിയ ഗാന്ധിയുടെ വീട്ടില്‍ പോയത് എന്തിനാണെന്ന് ചോദിച്ചതെ ഉള്ളൂ. അത് ചോദിക്കാന്‍ പാടില്ലേ എന്നും ശിവന്‍കുട്ടി ചോദിക്കുന്നു. ആര്‍എസ്എസിനെതിരെ പോരാടി നിന്നയാളാണ് ഞാന്‍. സതീശന്‍ താന്‍ അങ്ങനെയാണോ. പൂച്ച പ്രസവിച്ച് കിടക്കുന്നു എന്നൊക്കെയാണോ ബജറ്റിനെ കുറിച്ച് പറയേണ്ടത്. പൂച്ച പ്രസവിച്ച് അവിടെ ജീവിച്ചോട്ടെ. അതിനെ ശല്യം ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും വി ശിവന്‍കുട്ടി പരിഹസിച്ചു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത് എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.


