തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വമ്പന്‍ പ്രഖ്യാപനങ്ങളോടെ വന്ന സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലക്ക് കാര്യമായ പരിഗണന ലഭിച്ചില്ലെന്ന് ആക്ഷേപം. തുരങ്കപാത സാധ്യത പഠനം, ടൂറിസം, റോഡ് വികസനം എന്നിവയ്ക്കായി നാമമാത്രമായ തുക വകയിരുത്തിയപ്പോള്‍, ജില്ലയുടെ പ്രധാന കാര്‍ഷിക, തോട്ടം മേഖലകളെ അവഗണിച്ചെന്നാണ് പരാതി.

കട്ടപ്പനയില്‍ നിന്നും തമിഴ്‌നാട്ടിലെ കമ്പത്തേക്ക് തുരങ്കപാത നിര്‍മ്മിക്കാനുള്ള സാധ്യതാ പഠനത്തിനാണ് ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയത്. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ അനുവദിച്ച നൂറുകോടി രൂപയില്‍ കുറച്ചെങ്കിലും ഇടുക്കിക്ക് കിട്ടുമെന്ന് കരുതാം. വന്യജീവി ആക്രമണം ഏറ്റുവും രൂക്ഷമായി അനുഭവിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കിയെങ്കിലും ജില്ലക്ക് പ്രത്യേകമായി തുക വകയിരുത്തിയിട്ടില്ല.


ഉടുമ്പന്‍ ചോലയിലെ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന് ഒന്നരക്കോടി രൂപ. കട്ടപ്പനയെ ടൂറിസം ഹബ്ബാക്കിയള്ള കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ. ദേവികുളം നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമി നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി എട്ടു കോടി രൂപ എന്നിവയൊക്കെയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 14 കോടിയോളം രൂപ, കിന്‍ഫ്ര മുഖേന ചെറുതോണിയില്‍ മിനി ഭക്ഷ്യപാര്‍ക്ക് സ്ഥാപിക്കുന്നതിന് നാലു കോടി രൂപ, പട്ടിശ്ശേരി ഡാമിന്റെയും കനാല്‍ സംവിധാനത്തിന്റെയും പുനര്‍നിര്‍മാണത്തിനായി 17 കോടി രൂപ, പൊന്‍കുന്നം തൊടുപുഴ, വട്ടവട മൂന്നാര്‍, താന്നിക്കണ്ടം അശോകകവല, ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കി പാക്കേജിന് അഞ്ചുകോടി രൂപ വകയിരിത്തിയിട്ടുണ്ട്. ഇടുക്കിയിലെ തോട്ടം മേഖലക്കും കാര്‍ഷിക മേഖലക്കും പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല.