- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങള്‍ കുഞ്ഞികൃഷ്ണ, കുഞ്ഞികൃഷ്ണ എന്ന് ജപിച്ചോളൂ; ഞങ്ങള്‍ക്ക് ഒരു ഉത്കണ്ഠയും ഇല്ല; അതെല്ലാം പ്രാദേശിക വിഷയം; പരസ്യ സംവാദത്തിന് സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദന്‍; ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിന് മറുപടി

കണ്ണൂര്‍: വി കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായമെന്നും പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് ആരോപിച്ച സംഭവം പ്രാദേശികമായ വിഷയം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ല. പുസ്തകത്തിലെ വിമര്‍ശനങ്ങള്‍ക്ക് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നാളെ വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടി നല്‍കും. പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ടുകളില്‍ വെട്ടിപ്പുണ്ടായെന്ന ആരോപണം പ്രാദേശിക വിഷയം മാത്രമാണെന്നും അവിടെത്തന്നെ പരിഹരിക്കുമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത്. പാര്‍ട്ടിക്ക് അക്കാര്യത്തില്‍ യാതൊരു ഉത്കണ്ഠയും ഇല്ല. ഓരോ ദിവസവും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട കാര്യവുമില്ല. അതൊരു അടഞ്ഞ അധ്യായമാണ്. പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണന്‍ പരസ്യ സംവാദത്തിന് ക്ഷണിച്ചെങ്കിലും സിപിഎം ഏറ്റുപിടിക്കില്ല.
ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് ഓരോ ദിവസവും മറുപടി നല്‍കാന്‍ കഴിയില്ലെന്നും അതൊരു പ്രാദേശിക വിഷയമാണെന്നും അത് അവിടെ പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിങ്ങള്‍ കുഞ്ഞികൃഷ്ണ, കുഞ്ഞികൃഷ്ണ എന്ന് ജപിച്ചോളൂ. തങ്ങള്‍ക്ക് ഒരു ഉത്കണ്ഠയും ഇല്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിശ്വാസിക്ക് സഖാവാകാന്‍ കഴിയില്ലെന്ന സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയോട് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സഖാവ് എന്നത് കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് സഹപ്രവര്‍ത്തകന്‍ എന്ന് മാത്രമാണ്. ഉമര്‍ ഫൈസി എന്താണ് അര്‍ത്ഥമാക്കിയതെന്ന് അറിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. താന്‍ ലീഗ് വിരോധിയാണ് സഖാവാണ് എന്നൊക്കെ പറയുന്നത് തെറ്റായ പ്രചാരണമാണെന്നും ഒരു മുഅ്മിന്(വിശ്വാസിക്ക്) സഖാവാകാന്‍ കഴിയില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു.
ഉമര്‍ ഫൈസിയെ വഖഫ് ബോര്‍ഡിലേക്ക് എടുത്തത് സംബന്ധിച്ച ചോദ്യത്തിന് അതൊക്കെ നമ്മള്‍ എടുക്കുമെന്നും വിശ്വാസികള്‍ക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളുടെതെന്നും ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളെ ഒഴിവാക്കി വര്‍ഗീയതക്കെതിരായി പോരാടാന്‍ സാധിക്കില്ല. വര്‍ഗീയതയെ എതിര്‍ക്കാന്‍ വിശ്വാസികളെ ഉള്‍പ്പടെ ചേര്‍ത്താണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന പുസ്തകം പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നാളെ മറുപടി നല്‍കും. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വരവ് ചെലവ് കണക്കുകളും പാര്‍ട്ടി അവതരിപ്പിച്ചേക്കും. അതേസമയം, ഇന്നലെ പയ്യന്നൂരില്‍ പുസ്തക പ്രകാശനത്തിന് വലിയ ജനക്കൂട്ടം എത്തിയതില്‍ പാര്‍ട്ടിക്കാര്‍ ഇല്ലെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടി ശത്രുക്കള്‍ എത്തിയത് മൂലമാണ് പരിപാടിക്ക് ആളുകൂടിയതെന്നാണ് വാദം.


