തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കമിട്ടു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമം മണ്ഡലത്തില്‍ ചുവരെഴുതി പ്രചാരണം ഉദ്ഘാടനം ചെയ്തു. നേമത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുവരില്‍ താമര വരച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ പ്രചാരണത്തിന് തുടക്കമിട്ടത്. തിരുവനന്തപുരത്ത് മാറ്റം കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും, അതിനായി നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം രണ്ട് മാസം മുമ്പ് തന്നെ താന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാനുള്ള തന്റെ ആഗ്രഹം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് ബിജെപി ദേശീയ നേതൃത്വമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

വികസനം, വിശ്വാസ സംരക്ഷണം, സുരക്ഷ എന്നിവയിലൂന്നിയായിരിക്കും നേമത്തെ ബിജെപിയുടെ പ്രവര്‍ത്തനം. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തിരുവനന്തപുരത്തെ ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും മറക്കാനാവില്ലെന്നും നേമത്ത് മാറ്റം വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേമത്ത് സജീവമായി രംഗത്തിറങ്ങാനാണ് തന്റെ പദ്ധതിയെന്നും പാര്‍ട്ടി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നേമം മണ്ഡലത്തില്‍ വിവിധ ബൂത്തുകളില്‍ നടന്ന കുടുംബയോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തിന്റെ' തത്സമയ റേഡിയോ പ്രക്ഷേപണത്തിലും അദ്ദേഹം പങ്കെടുത്തു.

ചുവരില്‍ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരില്‍ എഴുതിയിട്ടുള്ളത്. എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്റെ മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാന്‍ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവില്‍ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്.

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍, പാലക്കാട്- കായംകുളം സീറ്റുകളില്‍ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂര്‍കാവില്‍ ആര്‍ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയില്‍ സി കൃഷ്ണകുമാറും മത്സരരംഗത്തുണ്ടാവും. പാലയില്‍ ഷോണ്‍ ജോര്‍ജും, തിരുവല്ലയില്‍ അനൂപ് ആന്റണിയും മത്സരിക്കും.