- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ നേതാവും മുന്‍ എം.എല്‍.എയുമായ കെ. അജിത്ത് ബിജെപിയില്‍ ചേര്‍ന്നു; റോബിന്‍ രാധാകൃഷ്ണനും ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: വൈക്കം മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഇതേ വേദിയില്‍ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എംഎല്‍എ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു കെ. അജിത്ത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് പിന്നാലെ കെ അജിത് പ്രതികരിച്ചു. അത് നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് അതൃപ്തി പ്രകടിപ്പിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ട്. വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായത്. തന്റെ ജനാവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയും. വൈക്കത്തെ പുതുയുഗ മാറ്റത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ അജിത്തും പറഞ്ഞു.
റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. അന്ന് താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം.


