ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് വിളിച്ചിട്ടും വഴങ്ങാതെ മുന്‍ മന്ത്രി ജി. സുധാകരന്‍. തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ പരാതിയില്‍ ഗോവിന്ദന്‍ വിശദീകരണം നല്‍കിയെങ്കിലും അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് താന്‍ ചിരിച്ചതെന്നും സുധാകരനെ പരിഹസിച്ചതല്ലെന്നും വിശദീകരിച്ച ഗോവിന്ദന്‍, പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന് സുധാകരനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ സുധാകരന്‍ ഉറച്ചുനിന്നതോടെ സി.പി.എം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായി.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സുധാകരന്റെ നീക്കം പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. പുന്നപ്ര വയലാര്‍ വാരാചരണത്തില്‍ നിന്ന് ഒഴിവാക്കിയതും സ്വന്തം വീടിനടുത്ത് നടന്ന ഏരിയ സമ്മേളനത്തിന് പോലും ക്ഷണിക്കാത്തതും തന്നെ ബോധപൂര്‍വ്വം ഒതുക്കാനുള്ള നീക്കമാണെന്ന് സുധാകരന്‍ വിശ്വസിക്കുന്നു. സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്‍. നാസറും ചേര്‍ന്ന് തന്നെ വേട്ടയാടുമ്പോള്‍ സംസ്ഥാന നേതൃത്വം മൗനം പാലിച്ചതാണ് 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സുധാകരനെ അനുനയിപ്പിക്കാന്‍ എം.എ. ബേബിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടേക്കുമെങ്കിലും, നിലപാടില്‍ മാറ്റമില്ലെന്ന് സുധാകരന്‍ ആവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തിന് വലിയ ആശങ്ക നല്‍കുന്നു. സുധാകരന്‍ സ്വതന്ത്രനായി കളത്തിലിറങ്ങിയാല്‍ അമ്പലപ്പുഴയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ് നീക്കം സജീവമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ സുധാകരന്റെ വിമത നീക്കം പ്രധാന ചര്‍ച്ചാവിഷയമാകും.

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെടുന്നു. തന്നെ ആക്ഷേപിച്ചതായി സുധാകരന്‍ പരാതി ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നലെ രാത്രി ജി.സുധാകരനെ ഫോണില്‍ വിളിച്ചു. ഗോവിന്ദനെ തന്റെ നിലപാട് സുധാകരന്‍ അറിയിച്ചു. പരിഹസിച്ച് ചിരിച്ചതല്ലെന്ന് സുധാകരനോട് ഗോവിന്ദന്‍ വിശദീകരിച്ചു. ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ്. അംഗത്വം പുതുക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യത്തിന് ജി.സുധാകരന്‍ വഴങ്ങിയില്ല. അംഗത്വം പുതുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കും മറ്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും ആയിട്ടാണ് സംസ്ഥാന സമിതി ചേരുന്നതെങ്കിലും ജി.സുധാകരന്‍ ഉയര്‍ത്തുന്ന വിമത ശബ്ദം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.

പാര്‍ട്ടിക്കു പുറത്തും ജനപ്രീതിയുള്ള സുധാകരനെപ്പോലുള്ള നേതാവിനോട് സിപിഎം നേതൃത്വം കാണിച്ച അവഗണന തിരഞ്ഞെടുപ്പ് വിഷയമാകും. ഏതെങ്കിലും മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ അത് പാര്‍ട്ടിക്ക് വെല്ലുവിളിയുമാകും. കഴിഞ്ഞ തവണ പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണ പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതിനാല്‍ വലിയ ചുടുകാട്ടില്‍ ഒറ്റയ്ക്ക് പുഷ്പാര്‍ച്ചന നടത്തി പ്രതിഷേധം അറിയിച്ചു. സ്വന്തം വീടിനടുത്ത് നടന്ന പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ പോലും മുതിര്‍ന്ന നേതാവായ സുധാകരനെ ക്ഷണിച്ചില്ല.

രാഷ്ട്രീയത്തിനതീതമായ പിന്തുണ സുധാകരനുണ്ട്. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ പോലും സുധാകരന് കിട്ടിയെന്ന് വരാം. അനുനയനീക്കത്തിന് പാര്‍ട്ടിമുന്‍കൈയെടുക്കില്ല എന്ന സൂചനകളുണ്ട്. സുധാകരന്‍ ഉനയിക്കുന്ന പരാതികളില്‍ ചിലത് ന്യായമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും എതിരായ പരസ്യ വിമര്‍ശനം പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവില്ല. പാര്‍ട്ടി അംഗം എന്ന നിലയില്‍ നടപടിക്കും സാധ്യതയുണ്ട്. നിര്‍ണായക തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുധാകരന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ ജില്ലയിലെ നേതൃനിരയില്‍ അമര്‍ഷം ശക്തമാണ്. സുധാകരന്റെ നീക്കങ്ങള്‍ എങ്ങനെയെന്നറിഞ്ഞ ശേഷമായിരിക്കും പാര്‍ട്ടിയുടെ തുടര്‍ നടപടികള്‍.

ഗോവിന്ദന്‍ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചെങ്കിലും വഴങ്ങില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. സംഭാഷണത്തിനിടെ മുന്‍പ് നടന്ന അച്ചടക്ക നടപടികളിലും അവഗണനകളിലും പരോക്ഷമായി ഖേദം പ്രകടിപ്പിച്ചെങ്കിലും, പാര്‍ട്ടിയില്‍ തുടരാനില്ലെന്ന തന്റെ തീരുമാനത്തില്‍ സുധാകരന്‍ ഉറച്ചുനില്‍ക്കുകയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ജി. സുധാകരനും പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ക്കും പരസ്യഏറ്റുമുട്ടലുകള്‍ക്കും തുടക്കമായത്. രണ്ടുതവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തെതുടര്‍ന്ന് അമ്പലപ്പുഴയില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. സ്ഥാനാര്‍ഥിയായ എച്ച്. സലാമിനെ സുധാകരന്‍ സഹായിച്ചില്ലെന്നും പ്രചാരണത്തില്‍ നിര്‍ജീവമായെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി ഉയര്‍ന്നു.

ഇക്കാര്യം അന്വേഷിക്കാന്‍ എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷനെയാണ് പാര്‍ട്ടി നിയോഗിച്ചത്. കമീഷന് സമര്‍പ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തില്‍ താന്‍ 19 പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുവെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍, ഈ വിശദീകരണം തള്ളി 2021 നവംബറില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഇത് മാനസികമായി തളര്‍ത്തുകയും പതുക്കെ പാര്‍ട്ടി വേദികളില്‍നിന്ന് അകന്നു തുടങ്ങുകയും ചെയ്തു.