- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശശി ഒന്നിനും പറ്റാത്ത ഒരുത്തന്; ഒരാള്‍ സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല; ഇനി വി ഡി സതീശന്‍ തീവ്രത അളക്കട്ടെ'; ആരോപണം തെളിയിക്കാന്‍ പി കെ ശശിയെ വെല്ലുവിളിച്ച് ഇ എന്‍ സുരേഷ് ബാബു

തിരുവനന്തപുരം: പാലക്കാട്ടെ വിമത കണ്‍വെന്‍ഷനില്‍ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ പി കെ ശശിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. അങ്ങനെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി. അനധികൃതമായി താന്‍ സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്നാല്‍ പൊതുജീവിതം ആരംഭിച്ചത് മുതല്‍ക്ക് ശശിയുടെ സമ്പത്ത് പരിശോധിക്കണം. പാര്‍ട്ടിയില്‍ നിന്ന് ഇടക്ക് പുറത്തുപോകുകയും തിരിച്ചുവരികയും ചെയ്തിരുന്ന ആളാണ് പി കെ ശശി. ഇത്തരത്തില്‍ ഒരാളുടെ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും നിസ്സാരമായി അവഗണിച്ചുതള്ളുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.
ചിറ്റൂരില്‍ തന്നെപ്പറ്റി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് പോലെ മണ്ണാര്‍ക്കാട് ചെന്ന് ശശിയെ പറ്റിയും അന്വേഷിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു. ശശി ഒന്നിനും പറ്റാത്ത ഒരുത്തനാണ്. തന്റെ പൊതുജീവിതത്തില്‍ ഇത്തരം ആരോപണങ്ങളുണ്ടോ എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. ശശിയുടെ തീവ്രത ഇനി വി ഡി സതീശന്‍ അളക്കട്ടെ എന്നും സുരേഷ് ബാബു പറഞ്ഞു.
ഒറ്റപ്പാലത്തെ ശശിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും സുരേഷ് ബാബു പരിഹസിച്ചു. ഒറ്റപ്പാലത്ത് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും സ്ഥാനാര്‍ത്ഥിയുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയുടെ അടുക്കളയില്‍ പണിയെടുത്തവന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് യുഡിഎഫിന്റെ ഗതികേടല്ലേ എന്നും സുരേഷ് ബാബു ചോദിച്ചു. സിപിഐഎമ്മിന് ഒപ്പം നില്‍ക്കുമ്പോള്‍ പി കെ ശശി മോശപ്പെട്ടവന്‍, യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ നല്ലവന്‍. ഇതാണ് മാധ്യമങ്ങളുടെ രീതി. തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പി കെ ശശിയെയും കണ്ടത്. പക്ഷേ ഒരാള്‍ സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നും സുരേഷ് ബാബു വിമര്‍ശിച്ചു. വിമത നീക്കത്തിന്റെ പേരില്‍ പി.കെ. ശശിയെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ബാബു ശശിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
പി.കെ. ശശിയുടെ ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണ്. രാഷ്ട്രീയത്തില്‍ വന്നകാലം മുതല്‍ക്കുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം. ഒരു തരി മണ്ണിന്റെ വലിപ്പമോ വരുമാനത്തില്‍ അധികമായി എന്തെങ്കിലും ഒരു തരിയോ ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നടപടിക്ക് വിധേയനാകുക തിരിച്ചുവരിക എന്നതായിരുന്നു പി.കെ. ശശിയുടെ പതിവ്. എസ്എഫ്‌ഐ കാലംമുതല്‍ അങ്ങനെയാണ്. ഇത്തരത്തിലുള്ള ഒരാളുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും അവഗണിച്ചു തള്ളുന്നുവെന്നും ഇ.എന്‍. സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ശശിയുടെ തീവ്രത അളന്നത് എ.കെ ബാലനും ശ്രീമതി ടീച്ചറുമാണെന്നാണ് മാധ്യമങ്ങള്‍ അന്ന് പരസ്യപ്പെടുത്തിയത്. ഇനി വി.ഡി. സതീശന്‍ പി.കെ. ശശിയുടെ തീവ്രത അളക്കട്ടെയെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.
സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പി.കെ. ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. രൂക്ഷ വിമര്‍ശനമാണ് കണ്‍വെന്‍ഷനില്‍ പി.കെ. ശശി പാര്‍ട്ടി നേതൃത്വത്തിനെതിരേ ഉന്നയിച്ചത്. അഴിമതിയും സ്പിരിറ്റ് കച്ചവടവുമൊക്കെയാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സ്പിരിറ്റ് കേസില്‍ ഒന്നാം പ്രതിയാണെന്നും ശശി പറഞ്ഞിരുന്നു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരേയും ശശി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. 'കേട്ടാല്‍ ഞെട്ടുന്ന ചരിത്രമുള്ളയാളാണ് അദ്ദേഹം. ഇമ്പിച്ചിബാവയടക്കമുള്ള മഹാന്മാര്‍ ഇരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരുന്നത്. അതിനെ ഞങ്ങള്‍ ചോദ്യം ചെയ്യേണ്ടേ?', എന്നായിരുന്നു ശശി ചോദിച്ചത്.
പാര്‍ട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന ശശി, കെടിഡിസി ചെയര്‍മാന്‍സ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായാണ് പാലക്കാട് സിപിഎമ്മിലെ വിമതര്‍ ചേര്‍ന്ന് മാര്‍ക്സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനും നീക്കം നടത്തുന്നതെന്നുമാണ് സൂചന.


