പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി കെ . കൃഷ്ണന്‍കുട്ടി മത്സരിക്കാനില്ല. ചിറ്റൂരില്‍ കൃഷ്ണന്‍ കുട്ടിയ്ക്ക് പകരം സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി മുരുകദാസിനെ മത്സരിപ്പിക്കാന്‍ ധാരണ. മണ്ഡലം, ജില്ല കമ്മിറ്റികള്‍ നിര്‍ദേശിച്ചത് ഒരൊറ്റ പേര് മാത്രമാണെന്നാണ് ലഭ്യമാകുന്ന വിവരം. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. മുന്‍ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മുരുകദാസ് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത് ഇതാദ്യമാണ്.

മത്സരിക്കില്ലെന്ന തീരുമാനത്തില്‍ വ്യക്തിപരമായി മാറ്റമില്ലെന്ന് നേരത്തെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയും മുന്നണിയുമൊക്കെയല്ലേ തീരുമാനിക്കുന്നത്. 90 ശതമാനവും മനസ് കൊണ്ട് റിട്ടയര്‍മെന്റിലായി. ഞാന്‍ ചെയ്യേണ്ട കടമകള്‍ 3035 കോടിയുടെ വികസനം ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ ചെയ്തിട്ടുണ്ട്. ഒരു കാലത്തുമില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. എന്ന ഏല്‍പ്പിച്ച ജോലി ഞാന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരെ നിര്‍ത്തിയാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിക്ക് ഒരു പ്രശ്‌നവും വരില്ല. പരിപൂര്‍ണമായും ജയിക്കുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു.

പാലക്കാട്ടെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്ന് നടക്കുന്ന ജില്ലാ കൗണ്‍സിലില്‍ ഉണ്ടാകുമെന്നാണ് സൂചന. പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍ തന്നെ മൂന്നാമതും മത്സരിച്ചേക്കും. മൂന്നാം ടേം നല്‍കണമെന്ന് ജില്ലാ കൗണ്‍സിലില്‍ തീരുമാനിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് അനുമതിക്കായി വിടാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഹ്‌സിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സിപിഎമ്മിന്റെയും താത്പര്യം. മുഹ്‌സിനൊപ്പം പന്ന്യന്‍ രവീന്ദ്രന്‍, പിപി സുനീര്‍ എന്നിവരുടെ പേരുകള്‍ പട്ടാമ്പി മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. മണ്ണാര്‍ക്കാട് പൊതുസ്വതന്ത്രനായി മന്‍സില്‍ ബക്കറിനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഐ നീക്കം.