കൊച്ചി: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാര്‍ഥിയാകും. എറണാകുളത്ത് 9 മണ്ഡലങ്ങളില്‍ 20-20 മത്സരിക്കും. കൊടുങ്ങലൂര്‍ മണ്ഡലത്തില്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും. 2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 അംഗത്വം എടുത്തിരുന്നു. നേരത്തെ ട്വന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്. എന്‍ ഡി എയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.

കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ വീണയും പങ്കെടുത്തു. നല്ല മാറ്റത്തിന് ഒപ്പം ഞാനും നില്‍ക്കുന്നു. 2007ല്‍ സ്വാതി തിരുനാള്‍ കോളേജ് യൂണിയന്‍ എസ് എഫ് ഐ ചെയര്‍പേഴ്‌സണ്‍ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ ഇതുവരെ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായര്‍ പറഞ്ഞു.