- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി വീണാ നായര്‍ ഏറ്റുമാനൂരില്‍; ലക്ഷ്മി പ്രിയ പെരുമ്പാവൂരില്‍: അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍; അങ്കമാലിയില്‍ പ്രമുഖ ഇന്‍ഫ്ലുവന്‍സര്‍; ട്വന്റി 20യുടെ സ്ഥാനാര്‍ഥി പട്ടിക താരസമ്പന്നം

കൊച്ചി: നടി വീണാ നായര്‍ക്ക് പുറമേ സിനിമാ മേഖലയില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ രണ്ട് പ്രമുഖ നടിമാര്‍കൂടി ഇറങ്ങിയതോടെ ട്വന്റി 20യുടെ സ്ഥാനാര്‍ഥി പട്ടിക താരസമ്പന്നമായി. നടി വീണാ നായര്‍ ഏറ്റുമാനൂരിലും അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സാബു എം ജേക്കബ് മത്സരിക്കുന്നില്ല. അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റിയാലിറ്റി ഷോ താരവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും.
കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ വീണയും പങ്കെടുത്തു. 2007ല്‍ സ്വാതി തിരുനാള്‍ കോളേജ് യൂണിയന്‍ എസ്എഫ്ഐ ചെയര്‍പേഴ്സണ്‍ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളില്‍ ഇടംനേടിയ നടിയാണ് വീണാ നായര്‍. അയ്മനം സ്വദേശിനിയാണ്. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ ഇതുവരെ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായര്‍ പറഞ്ഞു.
നടിയും കഴിഞ്ഞ 10 വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യവുമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ഥി. 2005 മുതല്‍ സിനിമയില്‍ സജീവമായ ലക്ഷിമി പ്രിയ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാണ്. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാര്‍ഥിയാകും. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടി അഞ്ജലി നായര്‍ ജനവിധി തേടും. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കുമെന്നും അവരുടെ ആവശ്യങ്ങള്‍ക്കായി നിലകൊള്ളുമെന്നും അഞ്ജലി നായര്‍ പറഞ്ഞു.
നടിയും സംരംഭകയുമായ അഞ്ജലി നായര്‍ രാഷ്ട്രീയത്തിലാദ്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.


