- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടോട്ടിയില്‍ ടി.പി. അഷ്റഫലി; താനൂരില്‍ പി.കെ. നവാസ്; തിരൂരങ്ങാടിയില്‍ പി.എം.എ. സമീര്‍; മഞ്ചേരിയില്‍ എം. റഹ്‌മത്തുള്ള; നാല് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കി മുസ്ലീം ലീഗ്; നാലുപുതുമുഖങ്ങള്‍ പട്ടികയില്‍; ലീഗിന്റേത് മികച്ച സ്ഥാനാര്‍ഥി പട്ടികയെന്ന് എം.കെ മുനീര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ 12 നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് മുസ്ലിംലീഗ്. നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. നാലുപുതുമുഖങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്റഫലി, താനൂരില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, തിരൂരങ്ങാടിയില്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.എം.എ. സമീര്‍, മഞ്ചേരിയില്‍ എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എം. റഹ്‌മത്തുള്ള എന്നിവരാണ് ലീഗ് പട്ടികയിലെ പുതുമുഖങ്ങള്‍.
രണ്ട് വനിതകള്‍ ഉള്‍പ്പെടെ യുവപ്രാതിനിധ്യം ഉറപ്പാക്കിയാണ് ഇന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്ര മണ്ഡലത്തിലും കൂത്തുപറമ്പ് ജയന്തി രാജനും മത്സരിക്കും. എംഎസ്എഫ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷമാരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.
സിറ്റിങ് എംഎല്‍എമാരായ പി. അബ്ദുള്‍ ഹമീദ്, യു.എ. ലത്തീഫ്, പി. ഉബൈദുള്ള, കെ.പി.എ. മജീദ് എന്നിവര്‍ ഇത്തവണ മത്സരത്തിനില്ല. പി. അബ്ദുള്‍ ഹമീദ് പ്രതിനിധീകരിച്ചിരുന്ന വള്ളിക്കുന്നില്‍ കൊണ്ടോട്ടി എംഎല്‍എയായ ടി.വി. ഇബ്രാഹിമാണ് ലീഗിന്റെ സ്ഥാനാര്‍ഥി. യു.എ. ലത്തീഫിന് പകരം റഹ്‌മത്തുള്ള മഞ്ചേരിയില്‍ മത്സരിക്കുന്നു. പി. ഉബൈദുള്ളയുടെ മണ്ഡലമായിരുന്ന മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദിന്റെ മണ്ഡലമായ തിരൂരങ്ങാടിയില്‍ പി.എം.എ. സമീറുമാണ് ഇത്തവണ സ്ഥാനാര്‍ഥികള്‍.
ഏറനാട്ടില്‍ പി.കെ. ബഷീറും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരവും കോട്ടയ്ക്കലില്‍ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങളും തിരൂരില്‍ കുറുക്കോളി മൊയ്തീനും വീണ്ടും ജനവിധി തേടും. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് മാറി മലപ്പുറത്ത് മത്സരിക്കുന്നതാണ് ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ പ്രധാനമാറ്റം. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി കെ.എം. ഷാജിയാണ് ഇത്തവണ സ്ഥാനാര്‍ഥി.
ലീഗിന്റേത് മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് എം.കെ മുനീര്‍ പ്രതികരിച്ചു. നല്ല സ്ഥാനാര്‍ഥി പട്ടികയാണ് തങ്ങള്‍ പ്രഖ്യാപിച്ചതെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രതിനിധ്യം ലഭിച്ചെന്നും മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'പാര്‍ട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു.പാര്‍ട്ടി പറഞ്ഞാല്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥനായിട്ടുള്ള ആളാണ് ഞാന്‍ . രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാര്‍ട്ടി ഒരുപാട് അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് അവസരം നിഷേധിക്കാന്‍ പാടില്ല,തലമുറകള്‍ കൈമാറി പോകേണ്ടതാണ് രാഷ്ട്രീയം. കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഫൈസല്‍ ബാബു ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിയാണ്. സൈബര്‍ ആക്രമണങ്ങള്‍ കാര്യമാക്കുന്നില്ല. അവസാന ശ്വാസം വരെ ഈ പാര്‍ട്ടിയില്‍ ഉണ്ടാകും. പ്രചാരണ രംഗത്ത് സജീവമാകും'- മുനീര്‍ പറഞ്ഞു.


