- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിന്റെ പോര്‍മുഖത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളെന്ന് കെപിഎ മജീദ്; ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവര്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചു വരുമെന്ന് പിഎംഎ സലാം

മലപ്പുറം: മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ച അബ്ദുറഹിമാന്‍ രണ്ടത്താണിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതൃത്വം. തിരഞ്ഞെടുപ്പിന്റെ പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാല്‍ അത് നെഞ്ചേറ്റുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പാരമ്പര്യമെന്നും മജീദ് വ്യക്തമാക്കി. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ മുതിര്‍ന്ന നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മജീദിന്റെ പ്രതികരണം. തിരൂരങ്ങാടിയിലെ സിറ്റിങ് എംഎല്‍എ കൂടിയാണ് കെപിഎ മജീദ്. ഇവിടെ പിഎംഎ സമീറിനെ സ്ഥാനാര്‍ഥിയാക്കി ലീഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടത്താണി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിമര്‍ശനങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാകുമെന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ചില മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ക്ക് ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവര്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചു വരും. താല്കാലികമായ വികാരപ്രകടനമായി മാത്രമേ അതിനെയെല്ലാം കാണുന്നുള്ളൂ. ഒരു പ്രശ്നവും ഉണ്ടാകില്ല. അവരെല്ലാം പാര്‍ട്ടിയുടെ അടിയുറച്ച അണികളാണ്. എപ്പോഴും അവര്‍ ലീഗിനൊപ്പം ഉണ്ടാകും. ലീഗിന്റെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അവര്‍ കര്‍മരംഗത്തുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയും ഇന്നുമായി കാണുന്നത് ചെറിയ വികാരപ്രകടനമാണ്. അത് വൈകുന്നേരം ആകുമ്പോഴേക്കും ശമിക്കും. പാര്‍ട്ടി വിടും എന്നു പറയുന്നതെല്ലാം പ്രചാരവേലകളാണ്. പെട്ടെന്നുള്ള വികാരപ്രകടനത്തില്‍ ചിലതൊക്കെ അബദ്ധത്തില്‍ പറഞ്ഞു പോയിട്ടുണ്ടാകും. അതൊക്കെ പിന്‍വലിച്ച് പാര്‍ട്ടിയുടെ കര്‍മ്മ രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവരൊക്കെ ഉണ്ടാകുമെന്നും പിഎംഎ സലാം പറഞ്ഞു.
ഇടതുപക്ഷത്തിന് മത്സരിക്കാന്‍ ആളെ കിട്ടാത്ത സ്ഥലമാണ് തിരൂരങ്ങാടി. എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ വാടകയ്ക്ക് ആളെ കൊണ്ടുവരാറാണ് പതിവ്. ലീഗിന് അനായാസം ജയിക്കാന്‍ കഴിയുന്ന സീറ്റാണ് അത്. അതുകൊണ്ടാണ് തിരൂരങ്ങാടിയെ കേന്ദ്രീകരിച്ച് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലേക്ക് ആളുകളെ കൊണ്ടുപോവുകയാണെങ്കില്‍, അത്രയും സ്‌നേഹമുണ്ടെങ്കില്‍ അവര്‍ക്ക് ധര്‍മ്മടമോ മട്ടന്നൂരോ കൊടുത്തുകൂടെ, എന്തിന് താനൂരും തിരൂരും കൊടുക്കുന്നുവെന്നും പിഎംഎ സലാം പരിഹസിച്ചു.
തിരൂരങ്ങാടിയില്‍ ഇത്രയും സുന്ദരനായ ചെറുപ്പക്കാരനായ സിനിമാനടനെ ആണോ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നാണ് ഞങ്ങളോട് ആളുകള്‍ ചോദിക്കുന്നത്. കര്‍മ്മ കുശലനായ വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ത്ഥിയാണ് പിഎംഎ സമീറെന്നും സലാം പറഞ്ഞു. ലീഗിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്പര്യത്തിനായി അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് തിരൂരങ്ങാടിയി ലെ പിഎംഎ സമീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ അബ്ദുറഹിമാന്‍ രണ്ടത്താണി ആരോപണം ഉന്നയിച്ചത്.
'എകെ ആന്റണിയും അവുക്കാദര്‍ കുട്ടി നഹസാഹിബും യു എ ബീരാന്‍ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അച്ചടക്ക ലംഘനമായി കാണരുത്' എന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു.
എന്നാല്‍ പരിചയ സമ്പന്നരും പരിഗണിക്കപ്പെടേണ്ടവരും പുതുമുഖങ്ങളുമുള്ള മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രിയപ്പെട്ട സാദിഖലി ശിഹാബ് തങ്ങള്‍ അവതരിപ്പിച്ചതെന്ന് കെപിഎ മജീദ് ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെയും പ്രതികരണം.
'ശ്രമകരമായ ഈ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ച സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിക്കുകയാണ്.
പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാല്‍ അത് നെഞ്ചേറ്റുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പാരമ്പര്യം.
ആ അച്ചടക്കവും ആത്മാര്‍ത്ഥതയും തന്നെയാണ് മുസ്ലിംലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വ്യത്യസ്തരാക്കുന്നത്.
27 സീറ്റുകള്‍ മാത്രമുള്ള മുസ്ലിംലീഗിന് എല്ലാവരെയും തൃപ്തിപ്പെടുത്തിയും പരിഗണിച്ചും ഒരു സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കാന്‍ കഴിയില്ല. പട്ടികയില്‍ ഉള്‍പ്പെട്ട ഓരോരുത്തരും കഴിവും പ്രാഗത്ഭ്യവുമുള്ളവരാണ്. അവരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക എന്നതാണ് ഇനി മുസ്ലിംലീഗ് പ്രവര്‍ത്തകരുടെയും യു.ഡി.എഫിന്റെയും ഉത്തരവാദിത്തം.
തെരഞ്ഞെടുപ്പിന്റെ പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്.
പൊതുസമൂഹം ഒറ്റക്കെട്ടായി അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ ഈ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഓരോരുത്തരെയും വിജയിപ്പിക്കാന്‍ നമുക്ക് കര്‍മ്മ രംഗത്തിറങ്ങാം' മജീദ് കുറിച്ചു.


