- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പ് തൂക്കിയ 'പോറ്റിയേ കേറ്റിയേ' പാട്ടിന് പിന്‍ഗാമിയെത്തുന്നു; 'ഫണ്ട് മുക്കിയത് ആരപ്പാ സഖാക്കളാണേ കൃഷ്ണപ്പാ'! രക്തസാക്ഷി ഫണ്ടും ശബരിമലയിലെ സ്വര്ണ്ണക്കള്ളവും പാട്ടാകും; ബേപ്പൂരങ്ങാടിയില്‍ അന്‍വറിനായി 'ചോപ്പന്റെ വര്‍ഗീയത'; സൈബര്‍ സഖാക്കളുടെ ഉറക്കം കെടുത്താന്‍ വീണ്ടും ജി.പി കുഞ്ഞബ്ദുല്ലയുടെ പാരഡികള്‍!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെയും പിണറായി സര്‍ക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം എഴുതിയ ഖത്തറിലെ പ്രവാസിയും ഗാനരചയിതാവുമായ ജി.പി. കുഞ്ഞബ്ദുല്ല നിയമസഭ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചൂടിലേക്ക് പാട്ടുകളുമായി വീണ്ടുമെത്തുകയാണ്. വരികളിലെ ലളിതമായ ശൈലിയും എന്നാല്‍ രാഷ്ട്രീയമായ നിശിത വിമര്‍ശനവും കൊണ്ട് മാസങ്ങള്‍ക്ക് മുമ്പ് കേരളമാകെ തരംഗമായ 'പോറ്റിയേ കേറ്റിയേ' എന്ന ഗാനത്തിന് ശേഷം, ഇത്തവണത്തെ തിരഞ്ഞെടുപ്പിലും യുഡിഎഫിനായി പാട്ടുപടയൊരുക്കുകയാണ് അദ്ദേഹം. യുദ്ധഭീഷണിയും നോമ്പുകാലത്തെ പരിമിതികളും നിലനില്‍ക്കെത്തന്നെ, പ്രവാസ മണ്ണിലിരുന്ന് അദ്ദേഹം എഴുതിയ എട്ട് തിരഞ്ഞെടുപ്പ് ഗാനങ്ങളാണ് ഇപ്പോള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നത്.
ഇത്തവണത്തെ കുഞ്ഞബ്ദുല്ലയുടെ പാട്ടുകളില്‍ പ്രധാനമായും ഉന്നംവെക്കുന്നത് സിപിഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഫണ്ട് വിവാദങ്ങളുമാണ്. പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദത്തെയും കുഞ്ഞിക്കൃഷ്ണന്‍ എന്ന നേതാവിന്റെ വെളിപ്പെടുത്തലുകളെയും കോര്‍ത്തിണക്കി 'ഫണ്ടുകള്‍ മുക്കിയത് ആരപ്പാ, സഖാക്കളാണേ കൃഷ്ണപ്പാ' എന്ന ഗാനം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. രക്തസാക്ഷി ഫണ്ടുകളുടെ ദുര്‍വിനിയോഗത്തെ പരിഹസിക്കുന്ന 'രക്തസാക്ഷി ഫണ്ടുകള്‍ മുക്കി, രക്തപതാകയെ പങ്കിലമാക്കി' എന്ന വരികളിലൂടെ ഇടത് കോട്ടകളിലെ വിള്ളലുകളെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
'വനിതകള്‍ക്ക് ഇനി മുതല്‍ ബസുകള്‍ ഫ്രീയാ,
വൃദ്ധജനത്തിന് ആശ്രയവഴിയാ
പെന്‍ഷന്‍കാരുടെ ടെന്‍ഷനകറ്റാന്‍ പദ്ധതികളേറെ'
രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 'ഇന്ദിര ഗ്യാരന്റി' പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഗാനങ്ങളും കുഞ്ഞബ്ദുല്ലയുടെ തൂലികയില്‍ നിന്ന് പിറന്നിട്ടുണ്ട്. വനിതകള്‍ക്കുള്ള സൗജന്യ ബസ് യാത്ര, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ലളിതമായ വരികളിലൂടെ വോട്ടര്‍മാരിലേക്ക് എത്തിക്കുകയാണ് ഈ ഗാനങ്ങളുടെ ലക്ഷ്യം. പഴയ ഹിറ്റ് പാട്ടുകളുടെ ഈണത്തില്‍ പുതിയ വരികള്‍ എഴുതുന്ന രീതിയാണ് അദ്ദേഹം ഇത്തവണയും അവലംബിച്ചിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള വിട്ടിട്ടില്ലെന്നും അതേപ്പറ്റി നിയമസഭാ തിരഞ്ഞെടുപ്പിലും ഗാനമുണ്ടെന്നും കുഞ്ഞബ്ദുല്ല പറയുന്നു.
'വാസുവും കുടുങ്ങി, വാസവനും നടുങ്ങി
പത്മകുമാറേ ചൊല്ലൂല്ലേ
ദേവസ്വം നാട്ടില്‍, അയ്യപ്പ വീട്ടില്‍
പാളികള്‍ മാറ്റിയതാര്'
ഈ ഗാനം 'മാനത്തെ പെണ്ണേ മൈലാഞ്ചി പെണ്ണേ' എന്ന പഴയ പാട്ടിന്റെ ട്യൂണിലാണ് എഴുതിയിരിക്കുന്നത്.
ഇതിനിടെ ബേപ്പൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുന്ന പി.വി. അന്‍വറും പാട്ടിനായി കുഞ്ഞബ്ദുല്ലയെ വിളിച്ചു.
'ബേപ്പൂരങ്ങാടിയില്‍ തിരതല്ലുന്നു ഉന്മേഷം
ചോപ്പന്റെ വര്‍ഗീയതയെ
തോല്‍പ്പിക്കാന്‍ ആവേശം
പിണറായിസത്തെ പിഴുതെറിയാന്‍
പൊരുതാനായി വരുന്നു അന്‍വര്‍'
എന്നാണ് അന്‍വറിനായി എഴുതിയ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം ആരംഭിക്കുന്നത്.
രാഷ്ട്രീയ ഗാനങ്ങള്‍ക്ക് പുറമെ, സാമൂഹിക വിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ കുഞ്ഞബ്ദുല്ല വ്യക്തമാക്കുന്നുണ്ട്. മാനവികതയാണ് തന്റെ മതമെന്ന് വിശ്വസിക്കുന്ന അദ്ദേഹം, ബാബറി മസ്ജിദ് തകര്‍ച്ച മുതല്‍ തുര്‍ക്കിയിലെ ബോംബ് സ്‌ഫോടനം വരെയുള്ള വിഷയങ്ങളില്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. പരിസ്ഥിതി നാശം, ലഹരി ഉപയോഗം, പലിശ തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് തന്റെ രചനകളെന്ന് അദ്ദേഹം പറയുന്നു. 'മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രം' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ അദ്ദേഹം, ഇരുന്നൂറോളം മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ അറുനൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ഖത്തറിലെ സ്റ്റുഡിയോ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ നാദാപുരത്തെയും മലപ്പുറത്തെയും സ്റ്റുഡിയോകളിലാണ് നിലവില്‍ റെക്കോര്‍ഡിങ് നടക്കുന്നത്. 'പോറ്റിയേ കേറ്റിയേ' എന്ന പാട്ടിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന കേസുകളെ ഭയക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തന്റെ വരികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ഈ പ്രവാസി ഗാനരചയിതാവ്.


