- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളില്‍ ടണ്‍ കണക്കിന് സ്വര്‍ണം പൂഴ്ത്തിവച്ചിട്ടുണ്ടെന്ന് ഫാ. പോള്‍ തേലേക്കാട്; വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വന്നതല്ലെന്ന് ആര്‍.വി ബാബു; എഫ്സിആര്‍എ ബില്ലില്‍ വാക്പോര്; സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ച മുറുകുന്നു

തിരുവനന്തപുരം: ലോക്സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമം (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്, എഫ്.സി.ആര്‍.എ) കേരളത്തിലെ മത-സാമൂഹിക മണ്ഡലങ്ങളില്‍ വലിയ വാക്‌പോരിനാണ് തുടക്കമിട്ടിരിക്കുന്നത്. ക്രൈസ്തവ സഭകള്‍ വിദേശത്തുനിന്ന് സ്വീകരിക്കുന്ന ഫണ്ടുകളെയും ക്ഷേത്രങ്ങളിലെ സ്വത്തുക്കളെയും കേന്ദ്രീകരിച്ചാണ് വിവാദം കത്തുന്നത്. സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലേക്കാട് നടത്തിയ പരാമര്‍ശങ്ങളും അതിന് ഹൈന്ദവ സംഘടന നേതാക്കള്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
വിദേശ സഹായം സ്വീകരിക്കുന്ന സഭയുടെ സ്ഥാപനങ്ങളെയും എന്‍.ജി.ഒകളെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഫാ. പോള്‍ തേലേക്കാട് ഉയര്‍ത്തിയത്. സഭകള്‍ പണം പൂഴ്ത്തിവയ്ക്കുകയല്ലെന്നും മറിച്ച് അത് സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാര്‍ ചാനലുകളിലൂടെ സുതാര്യമായാണ് ഫണ്ടുകള്‍ വരുന്നത്. ഇത്തരം സേവനങ്ങളെ തടയുന്നത് ക്രൈസ്തവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതേ അഭിമുഖത്തില്‍ ക്ഷേത്രങ്ങളില്‍ ടണ്‍ കണക്കിന് സ്വര്‍ണ്ണം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വാക്‌പോരിന് തുടക്കമിട്ടത്.
ഫാ. തേലേക്കാടിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു രംഗത്തെത്തി. ക്ഷേത്രങ്ങളിലെ സ്വത്ത് ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചതാണെന്നും അത് പാവപ്പെട്ടവരുടെ ഫോട്ടോ കാണിച്ച് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നതല്ലെന്നും അദ്ദേഹം പരിഹസിച്ചു. ക്ഷേത്ര സ്വത്തുക്കള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്. വിദേശ ഫണ്ടുകള്‍ ഉപയോഗിച്ച് ഹിന്ദുക്കളെ മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ അത് ആദ്യം അവസാനിപ്പിക്കണമെന്നും പോര്‍ച്ചുഗീസ്-മുഗള്‍ അധിനിവേശ പാരമ്പര്യം തുടരാനാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്ര സ്വത്തുക്കളില്‍ കണ്ണുവെക്കുന്ന മതതീവ്രവാദ നിലപാടുകളെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ജിതിന്‍ ജേക്കബും സമാനമായ രീതിയില്‍ പ്രതികരിച്ചു. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സമ്പത്ത് വിശ്വാസികളുടെ ദാനമാണെന്നും അത് ആരെയും കൊള്ളയടിച്ച് സമ്പാദിച്ചതല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സേവന പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്ക് മാത്രമായി കുത്തക അവകാശപ്പെടാനാവില്ലെന്നും ഹൈന്ദവ സംഘടനകള്‍ രാജ്യത്തുടനീളം മികച്ച രീതിയില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.സി.ആര്‍.എ നിയമപ്രകാരം വിദേശത്തുനിന്ന് വരുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്ക് ബോധിപ്പിക്കാന്‍ സഭകള്‍ തയ്യാറാകണമെന്നും ഫണ്ടുകളുടെ വിനിയോഗത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരങ്ങളില്‍ വിദേശ ഫണ്ടിന്റെ സ്വാധീനം മുന്‍പ് ചര്‍ച്ചയായ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.


