കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിര്‍പ്പുകളെ അവഗണിച്ച് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കി. പറവൂര്‍ ബ്ലോക്കിലെ കെടാമംഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുന്നത്. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവാണ് നിമിഷ രാജു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നിമിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തിരുന്നുവെങ്കിലും, ഈ എതിര്‍പ്പുകളെല്ലാം വകവെക്കാതെയാണ് സിപിഐ ഈ നീക്കം നടത്തിയിരിക്കുന്നത്.

2021-ല്‍ എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ആര്‍ഷോയ്‌ക്കെതിരെ നിമിഷ പൊലീസില്‍ പരാതി നല്‍കിയത്. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ആര്‍ഷോ, ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നും നിമിഷയുടെ പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഈ വിഷയത്തില്‍ കോടതിയെയും നിമിഷ സമീപിച്ചിരുന്നു. നിലവില്‍ ഒരു അഭിഭാഷക കൂടിയായ നിമിഷ, സിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നിമിഷ രാജു മത്സരിക്കുന്നതോടെ പറവൂര്‍ ബ്ലോക്കിലെ കെടാമംഗലം ഡിവിഷനിലെ രാഷ്ട്രീയം കൂടുതല്‍ സജീവമാകും.