- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി.
2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നൽകണമെന്ന് സർക്കാർ നിർദ്ദേശമാണ് നഴ്സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം നിലനിൽക്കെയാണ് സർക്കാർ നടപടി. ജി.എസ്.ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏകജാലക പ്രവേശനത്തിൽ നിന്നും അസോസിയേഷനുകൾ പിന്മാറിയത്. 119 സ്വകാര്യ കോളജുകളിൽ 82 കോളജുകൾ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകൾക്കു കീഴിലായതിനാൽ കഴിഞ്ഞ വർഷം വരെ രണ്ട് അപേക്ഷാ ഫോമുകൾക്ക് 2000 രൂപ ഫീസ് നൽകിയിരുന്ന സ്ഥാനത്ത് ഓരോ വിദ്യാർത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നൽകേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രവേശന പരീക്ഷ വേണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിലും മാനേജ്മെന്റ് അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതും എന്തുകൊണ്ടാണ്? അസോസിയേഷനിൽ അംഗമല്ലാത്ത കോളജുകളെ കൂടി ഉൾപ്പെടുത്തി ഏകാജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികൾ സുതാര്യമാക്കാനും അടിയന്തര ഇടപെടലുണ്ടാകണം. അഫിലിയേഷൻ നടപടികൾ വൈകിപ്പിക്കുന്നതിന് പിന്നിൽ ദുരൂഹമായ ഇടപെടലുകൾ ഉണ്ടോയെന്നും പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കത്ത് പൂർണരൂപത്തിൽ
സംസ്ഥാനത്തെ സർക്കാർ- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് അങ്ങയുടെ അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുന്നു.
മാനേജ്‌മെന്റ് സീറ്റുകളിലെ മെറിറ്റ് ഇല്ലാതാകുകയും ഓരോ കോളജിലേക്കും പ്രത്യേകമായി അപേക്ഷിക്കുകയും ചെയ്യേണ്ട സ്ഥിതി കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്.
2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നൽകണമെന്ന സർക്കാർ നിർദ്ദേശമാണ് നഴ്സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം നിലനിൽക്കെയാണ് സർക്കാർ നടപടി. ജി.എസ്.ടി ആവശ്യപ്പെട്ടതാണ് ഏകജാലക പ്രവേശനത്തിൽ നിന്നും പിന്മാറാൻ അസോസിയേഷനുകളെ പ്രേരിപ്പിച്ചത്.
സംസ്ഥാനത്തെ 9355 നഴ്സിങ് സീറ്റുകളിൽ 7105 എണ്ണവും സ്വകാര്യ കോളജുകളിലാണ്. 119 സ്വകാര്യ കോളജുകളിൽ 82 കോളജുകൾ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകൾക്കു കീഴിലായതിനാൽ കഴിഞ്ഞ വർഷം വരെ ഒരു കുട്ടി രണ്ട് അപേക്ഷകൾക്കായി 2000 രൂപ നൽകിയാൽ 82 കോളജുകളിൽ എവിടെയെങ്കിലും പ്രവേശനത്തിന് പരിഗണിക്കുകമായിരുന്നു. എന്നാൽ ഇത്തവണ ആ സൗകര്യം ഇല്ലാതായി. നിലവിൽ ഓരോ വിദ്യാർത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നൽകേണ്ടി വരും. അതായത് 82 കോളജുകളിലേക്ക് അപേക്ഷിക്കണമെങ്കിൽ 82000 രൂപ നൽകേണ്ട സ്ഥിതിയാണുണ്ടാകുന്നത്.
ഈ രണ്ട് അസോസിയേഷനുകളിലും അംഗമല്ലാത്ത 37 കോളജുകളിൽ 7 ലക്ഷം രൂപയ്ക്കു മുകളിൽ തലവരി നൽകണമെന്ന് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നുണ്ട്. മെറിറ്റ് അട്ടിമറിക്കുന്നതിനൊപ്പം 82 കോളജുകളിൽ കൂടി തലവരി മടങ്ങിയെത്താനുള്ള സാഹചര്യമാണ് സർക്കാർ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പ്രവേശനപരീക്ഷ വേണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിലും മാനേജ്മെന്റ് അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതും എന്തുകൊണ്ടാണ്? അസോസിയേഷനിൽ അംഗമല്ലാത്ത കോളജുകളെ കൂടി ഉൾപ്പെടുത്തി ഏകാജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികൾ സുതാര്യമാക്കാനും അടിയന്തര ഇടപെടലുണ്ടാകണം.
ഇതിനൊപ്പം സ്വകാര്യ നഴ്സിങ് കോളജുകൾക്ക് കേരള നഴ്സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ചും സർക്കാരിന് മെല്ലപ്പോക്കാണ്. കൗൺസിൽ അംഗങ്ങൾ പരിശോധനയ്ക്ക് പോകേണ്ടതില്ലെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശവും നിയമവിരുദ്ധമാണ്. ഇത് പുനപരിശോധിക്കണം. അഫിലിയേഷൻ നടപടികൾ വൈകിപ്പിക്കുന്നതിന് പിന്നിൽ ദുരൂഹമായ ഇടപെടലുകൾ ഉണ്ടോയെന്നും പരിശോധിക്കപ്പെടണം.
ഈ വർഷത്തെ നഴ്സിങ് പ്രവേശനം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കണമെന്നും സെപ്റ്റംബർ 30ന് അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ ആയിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന മേൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.