- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് വി ഡി സതീശന്; തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് സുധാകരന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്നു പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അന്ന് ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും സതീശന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
കടല്‍ക്കൊളള എന്നാണ് പാര്‍ട്ടി മുഖപത്രം അന്നെഴുതിയത്. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെ എന്ന് കുറിച്ച സതീശന് പദ്ധതി സംബന്ധിച്ച വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാവിലെയാണ് ആദ്യ മദര്‍ഷിപ്പ് എത്തിയത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ 'സാന്‍ ഫെര്‍ണാണ്ടോ' എന്ന കപ്പലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്രസംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കുന്നത്. എന്നാല്‍, ഔദ്യോഗിക സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിക്കാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
അതേ സമയം കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എന്നാലത് പിണറായി സര്‍ക്കാര്‍ മനഃപൂര്‍വ്വം തമസ്കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന് ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കെ.സുധാകരന് ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫിന്റെ സമരങ്ങള്‍ കാരണം പദ്ധതിയുടെ നിര്‍മ്മാണ ചെലവ് പോലും വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. 2019ല്‍ യാഥാര്‍ത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എല്‍.ഡി.എഫും പിണറായി സര്‍ക്കാരുമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇത്രയും കാലതാമസം വരുത്തിയതിന് പിണറായി വിജയനും സിപിഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്.ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കടല്‍ക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയന് ഇന്നിപ്പോള്‍ തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകും. കൊച്ചി മെട്രോ,കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമായപ്പോഴും യു.ഡി.എഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്റെ അല്‍പ്പത്തരം പ്രകടമായെന്നും സുധാകരന് ഓര്‍മ്മിപ്പിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചു.നാടിന്റെ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രവര്‍ത്തിച്ചതെങ്കില്‍ അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയനും സിപിഎമ്മും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന് ആരോപിച്ചു.
വിഴിഞ്ഞം: പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ എത്തി.
പുതുചരിത്രം പിറന്നു.
2015 ഡിസംബര്‍ 5 ന് തറക്കല്ലിട്ട പദ്ധതി.
പൂര്‍ണ തോതില്‍ ചരക്കു നീക്കം നടക്കുന്ന തരത്തില്‍ ട്രയല്‍ റണ്ണും നാളെ തുടങ്ങും.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം UDF സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.
വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. 'കടല്‍ക്കൊള്ള' എന്ന് എഴുതിയത് CPM മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മന്‍ ചാണ്ടിയേയും UDF നേയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.
വിഴിഞ്ഞം UDF ന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ.