കണ്ണൂർ: പാർട്ടി ജില്ലാ സംഘടനാ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലെത്തിയിരിക്കെ കണ്ണൂരിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജിക്കെതിരെ പരാതി നൽകാൻ തീരുമാനം.സംസ്ഥാന സെക്രട്ടറിയായ കെ. എം ഷാജി വിഭാഗീയത വളർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നത്. ഇതോടെ വരും ദിവസങ്ങളിൽ കണ്ണൂർ മുസ്ലിംലീഗിൽ ചേരിപ്പോര് അതിരൂക്ഷമാകുമെന്നാണ് സൂചന.

അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ കെ. എം ഷാജിയെ തോൽപ്പിക്കാൻ നിലവിലുള്ള ജില്ലാ നേതൃത്വത്തിലെ ചിലർ ശ്രമിച്ചുവെന്നാണ് ആരോപണം. ഈ അതൃപ്തിയാണ് ജില്ലയിലെ ലീഗ് സംഘടനാ നേതൃത്വം പിടിച്ചെടുക്കാൻ കെ. എം ഷാജിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശ്രമിക്കുന്നത്. ഇതോടെ ചരിത്രത്തിലില്ലാത്ത വിധമുള്ള ഗ്രൂപ്പ് പോരിനാണ് കണ്ണൂരിലെ മുസ്ലിം ലീഗ് നേതൃത്വം സാക്ഷ്യം വഹിക്കുന്നത്.

കണ്ണൂരിലെ പാർട്ടി കെ. എം ഷാജിയുടെ നേതൃത്വത്തിൽ പിടിച്ചെടുക്കാൻ നീക്കം നടത്തുന്നതിനിടെയാണ് നിലവിലുള്ള ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിലൂടെ പ്രതിരോധവുമായി രംഗത്തുവന്നിട്ടുണ്ട്. കെ. എം ഷാജിയെ അടച്ചാക്ഷേപിച്ചു മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവിന്റെ ശബ്ദ സന്ദേശം പുറത്തായതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇരുവിഭാഗവുമെത്തിയത്. കല്യാശേരി മണ്ഡലം പ്രസിഡന്റ് എസ്.കെ.പി സക്കറിയയുടെ ശബ്ദസന്ദേശമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുസ്ലിം ലീഗ് പ്രവർത്തകരുടെ വാട്്സ് ആപ്പ്് ഗ്രൂപ്പുകളിലാണ് ഈ ശബ്ദ സന്ദേശം ആദ്യമെത്തിയത്. ഇതു പിന്നീട് പുറത്തേക്ക് ചോരുകയായിരുന്നു.

കെ. എം ഷാജി കണ്ണൂരിലെ പാർട്ടിയിൽ ധ്രുവീകരണമുണ്ടാക്കുന്നുവെന്നാണ് സക്കറിയയുടെ ആരോപണം. പത്തുവർഷം എംഎൽഎയായിട്ടും പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യാത്ത നേതാവാണ് കെ. എം ഷാജിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഷാജി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതു മുസ്ലിം ഇതര സംഘടനകളുടെ ഗുണത്തിന് വേണ്ടി മാത്രമാണ്. ഇവനെയൊക്കെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കാൻ കഴിയുമോയെന്നും സക്കറിയ തന്റെ ശബ്ദസന്ദേശത്തിലൂടെ ചോദിക്കുന്നുണ്ട്.

അബ്ദുൽ കരീം ചേലേരിയെ അനുകൂലിക്കുന്ന സക്കറിയയുടെ ശബ്ദസന്ദേശം പുറത്തായതോടെ മുസ്ലിം ലീഗിലെ ഗ്രൂപ്പു പോര്് ആളിക്കത്തുകയാണ്. മുസ്ലിംലീഗിലെ അംഗത്വവിതരണം പൂർത്തീകരിച്ചു തെരഞ്ഞെടുപ്പിനായി ഒരുങ്ങന്നതിനിടെയാണ് സോഷ്യൽ മീഡിയിൽ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞു സൈബർ യുദ്ധം മുറുകുന്നത്. ജില്ലാസെക്രട്ടറിക്ക് അനുകൂലമായും പ്രതികൂലവുമായാണ് സൈബർ ഇടത്തിൽ പരസ്പരം പോരു നടക്കുന്നത്. കരീം ചേലേരിയെ എതിർക്കുന്നവർ കെ. എം ഷാജിയെ അനുകൂലിക്കുന്നവരാണ്. കഴിഞ്ഞ ദിവസം കരീം ചേലേരിയെ വിമർശിച്ചും പരിഹസിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.

ലീഗ് വോയ്സ് കണ്ണൂരെന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ ചിലയാളുകളാണ് കരീം ചേലേരിക്കെതിരെ രംഗത്തുവന്നത്. തോടെ കരീം ചേലേരിയെ അനുകൂലിക്കുന്നവരും തിരിച്ചടിക്കാൻ തുടങ്ങി. കരീം ചേലേരിക്കെതിരെ നടക്കുന്ന വ്യക്തിഹത്യകൾ സകലസീമകളും ലംഘിച്ചു മുൻപോട്ടുപോവുകയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഴിഞ്ഞ ഒരുവർഷമായി കരീം ചേലേരിയെ ടാർജറ്റു ചെയ്തുകൊണ്ടു ഒരുവിഭാഗം മുൻപോട്ടുപോവുകയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

തളിപറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം രണ്ടായിരം മെംപർഷിപ്പു അധികം നൽകിയിട്ടും ജില്ലാജനറൽ സെക്രട്ടറിയായ അദ്ദേഹത്തെ ചിലർ കുറ്റപ്പെടുത്തുകയാണ്. വി.കെ അബ്ദുൽ ഖാദർ മൗലവി ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ കരീം ചേലേരിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് ആരോപണം. ചില അദൃശ്യകരങ്ങൾ എഴുതിത്ത്തയ്യാറാക്കുന്ന പോസ്റ്ററുകൾ ഖത്തറിലും ദുബൈയിലും മറ്റുരാജ്യങ്ങളിലിരുന്നാണ് ചിലർ മത്സരിച്ചു പോസ്റ്റു ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട്മണ്ഡലത്തിൽ മത്സരിച്ച കെ. എം ഷാജി പരാജിതനായത് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിലുണ്ടായ സംഘടനാപരമായ പിഴവാണെന്ന ആരോപണം പിന്നീടുയർന്നിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിന്മുൻപായി അലവിൽ ശാഖയിൽ സംസ്ഥാന നേതാവായ കെ. എം ഷാജി അംഗത്വമെടുത്തത്് പാർട്ടിയിൽ അസാധാരണ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇതോടെ കണ്ണൂരിലെ പാർട്ടികെ. എം ഷാജിയുടെ നേതൃത്വത്തിൽ പിടിച്ചെടുക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹമുയർന്നത്. എന്നാൽ നിലവിലുള്ള മണ്ഡലംകമ്മിറ്റികളിൽ ഒന്നോ രണ്ടോ ഒഴികെ ഭൂരിഭാഗവും അബ്ദുൽ കരീം ചേലേരിയെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ജില്ലാ നേതൃത്വം പിടിച്ചെടുക്കൽ കെ. എം ഷാജിക്ക് അത്ര എളുപ്പമാവില്ലെന്നാണ് സൂചന.