- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സഭാ തര്‍ക്ക കേസ് പ്രതിഫലിക്കും; ക്രമസമാധാന പ്രശ്‌നം എന്ന ഓമനപ്പേരിട്ട് സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ഔദാര്യം വേണ്ട; നീതി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനം: ശക്തമായ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ
സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ
കോട്ടയം: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ക്രമസമാധാന പ്രശ്‌നം എന്ന ഓമനപ്പേരിട്ട്, വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ ഔദാര്യം വേണ്ടെന്നും നീതി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പറഞ്ഞു.
സഭാ ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനം. സഭാ കേസില്‍ സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണ്. ഏകപക്ഷീയ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമം എന്താണെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പറയുന്നു.
ഔദാര്യമല്ല വേണ്ടത്, സഭയ്ക്ക് ലഭിക്കേണ്ട അവകാശം സര്‍ക്കാര്‍ ഉറപ്പാക്കണം. ഈ നയം നിര്‍ത്തിയില്ലെങ്കില്‍ സഭ കടുത്ത തീരുമാനങ്ങളിലേക്ക് പോവുമെന്നും ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു. സര്‍ക്കാര്‍ നീതിബോധം ഉള്ളവരായി മാറണം. നീതിബോധമുള്ള കേരള സമൂഹത്തിനു മുന്നില്‍ സര്‍ക്കാര്‍ ആ നിലയ്ക്കു തന്നെ പെരുമാറണം. ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സഭാ തര്‍ക്ക കേസ് പ്രതിഫലിക്കുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം, യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടിയാണ് അപ്പീല്‍.
പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ തടസ ഹര്‍ജിയും നല്‍കി.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുളള എതിര്‍കക്ഷികള്‍ അടുത്ത മാസം എട്ടിന് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി അരുണ്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഓര്‍ത്തഡോക്‌സ്- യാക്കോബായ കേസില്‍ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സുപ്രീംകോടതി വിധി നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാണ്.
എറണാകുളം, പാലക്കാട് ജില്ലകളിലായി ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം നിലനില്‍ക്കുന്ന 6 പള്ളികള്‍ സംബന്ധിച്ചാണു കേസ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഈ പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും നല്‍കിയ അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. തുടര്‍ന്നാണ് കേസുകളില്‍ കുറ്റം ചുമത്തുന്ന നടപടികള്‍ക്കായി എതിര്‍കക്ഷികളോടു നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. നേരിട്ടു ഹാജരാകാനായില്ലെങ്കില്‍ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്‌കോപ്പ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിച്ചത്. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂര്‍ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിന്‍ച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കേസുകളാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.