തൃശൂര്‍: ആര്‍.എസ്.എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പറഞ്ഞു. സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്‍മാര്‍ എന്നാണ് വിളിക്കേണ്ടത്. ആര്‍.എസ്.എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും അദ്ദേഹം പറഞ്ഞു.

വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്ത്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.

രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാല്‍, കേരളത്തില്‍ അതിന് അര്‍ഥം വേറെയാണെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ''ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എന്റെ പേര് പറഞ്ഞപ്പോള്‍ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കില്‍ അത് ആര്‍എസ്എസിന്റെ വിശാലതയാണു കാണിക്കുന്നത്. അച്ചടക്കമാണു സംഘ പ്രവര്‍ത്തകരിലെ ശ്രദ്ധേയമായ കാര്യം. സംഗീതത്തിലും അതിനു വലിയ പ്രാധാന്യമുണ്ട്. മറ്റുള്ളവര്‍ക്കു നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നുവച്ച് ജീവിതം സമര്‍പ്പിച്ചവരെ വിശുദ്ധര്‍ എന്നാണ് വിളിക്കേണ്ടത്. സാങ്കേതിക വളര്‍ച്ച കൊണ്ട് മനുഷ്യര്‍ പരസ്പരമുള്ള ആശയവിനിമയം ഇല്ലാതെ പോകുന്ന കാലമാണിത്.

ഞാന്‍ 45 വര്‍ഷമായി യോഗ ചെയ്യുന്നയാളാണ്. ആ യോഗയും ഇവിടെ കാണുന്നു. വിശേഷദിവസങ്ങളിലും മറ്റും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളിലൂടെ കാണാറുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ മനസ്സിനു കിട്ടുന്ന ധൈര്യവും ഉണര്‍വും ചിന്താശക്തിയും. ആര്‍എസ്എസിന്റെ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.'' ഔസേപ്പച്ചന്‍ പറഞ്ഞു. പഥസഞ്ചലനത്തിനു ശേഷമായിരുന്നു പൊതുസമ്മേളനം. ക്ഷേത്രീയ കാര്യവാഹക് എം.രാധാകൃഷ്ണന്‍, മഹാനഗര്‍ സംഘചാലക് പി.വി.ഗോപിനാഥന്‍, മഹാനഗര്‍ സഹകാര്യവാഹക് പി.ഹരിഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.