തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു.

പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണം എന്ന് ഏകകണ്ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പാര്‍ട്ടിയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ചാക്കോ രാജിവെക്കുകയാണ് ഉണ്ടായത്. തോമസ് കെ തോമസിനെ അധ്യക്ഷനാക്കുന്നതില്‍ ശശീന്ദ്രന് എതിര്‍പ്പില്ലെന്നാണ് സൂചന.

എന്‍സിപിയുടെ മന്ത്രിസ്ഥാനത്ത് നിന്ന് എ കെ ശശീന്ദ്രനെ മാറ്റാനുള്ള ശ്രമത്തില്‍ കിതച്ചു പിന്മാറിയ ചാക്കോയ്ക്ക് ഒരുവില്‍ സ്വന്തം കസേരയും തെറിക്കുകയാണ്. ചാക്കോയുടെ പിന്തുണയില്‍ മന്ത്രിയാകാന്‍ കാത്തിരുന്ന കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് ഇതോടെ ഹതാശനായ. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയ ചാക്കോയ്ക്ക് പക്ഷെ കോണ്‍ഗ്രസിലെ അതേ പ്രതാപം പുതിയ ലാവണത്തില്‍ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. തീര്‍ത്തും ദുര്‍ബലമായ എന്‍സിപിയില്‍ താന്‍പ്രമാണിത്തം നിലനിര്‍ത്താന്‍ ചാക്കോ ആവത് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പിന്തുണയുള്ള ശശീന്ദ്രന്‍ പക്ഷത്തെ വരുതിയില്‍ കൊണ്ടുവരാനായില്ല.

ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള ശ്രമം ഒരുവര്‍ഷത്തോളമായി ചാക്കോ നടത്തിവരികയായിരുന്നു. എന്‍സിപിയുടെ ജീവാത്മാവും പരമാത്മാവുമായ ശരദ് പവാറിന്റെ പിന്തുണ ഇക്കാര്യത്തില്‍ തനിക്കുണ്ടെന്ന് ചാക്കോ മുഖ്യമന്ത്രിയെ അടക്കം അറിയിച്ചെങ്കിലും ആരും പുല്ലുപോലും വകവച്ചില്ല. പോരാത്തതിന് ദേശീയതലത്തില്‍ ഉണ്ടായ പിളര്‍പ്പിന്റെ ഭാഗമായി രണ്ട് എംഎല്‍എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കൂടിയായതോടെ പിണറായി വിജയന്‍ തോമസ് കെ.തോമസിന്റെ ചീട്ടുകീറി.

ഇതെല്ലാമായതോടെ ആണ് കളംമാറ്റി ചവിട്ടാന്‍ ചാക്കോയും ഒപ്പമുള്ളവരും തീരുമാനിച്ചത്. ഒമ്പത് വര്‍ഷത്തോളമായി മന്ത്രിസ്ഥാനത്ത് തുടരുന്ന ശശീന്ദ്രനൊപ്പമാണ് സ്വാഭാവികമായും പാര്‍ട്ടിനേതൃനിര നില്‍ക്കുന്നതെന്ന സത്യം വൈകിയാണ് ചാക്കോ തിരിച്ചറിഞ്ഞത് എന്ന് വേണം കരുതാന്‍. കഴിഞ്ഞയാഴ്ച ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയോഗത്തില്‍ സംസ്ഥാന പ്രസിഡന്റെന്ന പരിഗണന തെല്ലുമില്ലാതെ പ്രവര്‍ത്തകര്‍ നിര്‍ത്തിപ്പൊരിച്ചു.

നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ഇത്തരം നീക്കങ്ങളെ പിടിച്ചുകെട്ടാമെന്ന പ്ലാനും പാളി. തിരുവനന്തപുരം യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ ചാക്കോ നടത്തിയ പരാമര്‍ശങ്ങളടക്കം ശബ്ദരേഖയായി ചോര്‍ന്ന് പുറത്തുവരികയും ചെയ്തു. ഇതെല്ലാമായതോടെ പൊറുതിമുട്ടിയാണ് ചാക്കോ പടിയിറങ്ങുന്നത്. ശശീന്ദ്രനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് പോയ പി എം സുരേഷ് ബാബു അടക്കമുള്ളവരാണ് എ കെ ശശീന്ദ്രനെ കണ്ട് ചാക്കോയുടെ പിന്തുണ അറിയിച്ചിരുന്നു. സ്വന്തം പാളയത്തില്‍ നിന്നും ആളുകള്‍ പടിയിറങ്ങിടതോടെയാണ് ചാക്കോ രാജിവെക്കുന്നത്.