കൊച്ചി: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിൽ ലോകായുക്തയ്ക്കെതിരായ കോൺഗ്രസ് വിമർശനം തള്ളി മുതിർന്ന നേതാവ് പി ജെ കുര്യൻ. പാർട്ടിയുടെ നിലപാടിന് ഘടകവിരുദ്ധമായി ഫേസ്‌ബുക്കിൽ കുറിപ്പിച്ചു കൊണ്ടാണ് കുര്യൻ തന്റെ നിലപാട് അറിയിച്ചത്. വിശദീകരണത്തിന് ശേഷവും വിമർശനം തുടരാനാകില്ലെന്ന് പി ജെ കുര്യൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വിമർശനം വ്യക്തി അധിക്ഷേപമാകുന്നുവെന്നും ലക്ഷ്മണരേഖ കടക്കുന്നുവെന്നും പി ജെ കുര്യൻ വിമർശിച്ചു.

ഇത്രയും വേണോ എന്ന തലക്കെട്ടിൽ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിമർശനങ്ങൾ. ലോകായുക്തയെ നിയമിച്ചത് പിണറായി മന്ത്രിസഭയാണ്. ആ മന്ത്രിസഭയിലെ മന്ത്രിക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചല്ലോ?. അതിനുള്ള ആർജവം കാണിച്ച ലോകായുക്ത ഒരു വിരുന്നിൽ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തി സഹജമാണോ എന്നാണ് പി ജെ കുര്യൻ ചോദിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇത്രയും വേണോ

മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് ലോകായുക്തയെ കുറെപേർ അധിക്ഷേപിച്ചു. ചാനലുകളിലും മറ്റും അധിക്ഷേപം തുടർന്നു. ലോകായുക്ത കാര്യം വിശദീകരിച്ചപ്പോൾ കീഴ് വഴക്കം ലംഘിച്ചെന്നായി. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം'. വിമർശകർ എല്ലാ ലക്ഷ്മണ രേഖയും ലംഘിച്ചാണ് വ്യക്തിപരമായ അധിക്ഷേപം നടത്തിയത്. ലോകായുക്തയെ നിയമിച്ചത് പിണറായി മന്ത്രിസഭയാണ്. ആ മന്ത്രിസഭയിലെ മന്ത്രിക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചല്ലോ?. അതിനുള്ള ആർജവം കാണിച്ച ലോകായുക്ത ഒരു വിരുന്നിൽ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തി സഹജമാണോ?.

മുഖ്യമന്ത്രി നടത്തിയത് സ്വകാര്യവിരുന്നായിരുന്നില്ല, മറിച്ച് സർക്കാർ ചെലവിലുള്ള ഔദ്യോഗിക വിരുന്നായിരുന്നു എന്നതും വിമർശകർ മറക്കുന്നു. സർക്കാർ വിരുന്നിൽ പങ്കെടുത്താൽ സ്വാധീനിക്കപ്പെടുന്ന ദുർബലരാണോ നമ്മുടെ ജഡ്ജിമാർ.

ഡൽഹിയിൽ കേന്ദ്ര മന്ത്രിമാർ നടത്തുന്ന പല വിവാഹ സൽക്കാരങ്ങളിലും, ഗവണ്മെന്റ് കേസുകൾ കേൾക്കുന്ന ജഡ്ജിമാർ പങ്കെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പ്രതിപക്ഷപാർട്ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്. അക്കാരണത്താൽ അവരെല്ലാം സ്വാധീനിക്കപ്പെടുമെന്നാണോ?. ലോകായുക്ത വിശദീകരണത്തിന് ശേഷവും വിമർശനം തുടരുന്നത് നീതികരിക്കാനാവില്ല.

നേരത്തെ ഈ സംഭവത്തിൽ ലോകായുക്ത വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ലോകായുക്ത വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. അസാധാരണ വാർത്താക്കുറിപ്പ് ഇറക്കിയാണ് വിശദീകരണം. ഇഫ്താർ വിവാദം അടിസ്ഥാനരഹിതമെന്നും വിരുന്നിൽ പങ്കെടുത്താൽ അനുകൂല വിധിയെന്ന ചിന്ത അധമമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചത് കുപ്രചരണമെന്നും ലോകായുക്ത വിശദീകരിക്കുന്നു.

ലോകായുക്ത ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാണിച്ചത്. പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും വിവാദത്തിൽ ലോകായുക്ത വിശദീകരിക്കുന്നു. കക്ഷികളുടെ ആഗ്രഹവും താൽപര്യവും അനുസരിച്ച് ഉത്തരവിടാൻ കിട്ടില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ല. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ല. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നും വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നു.